ബാഴ്‌സലോണയിൽ നിന്നു വിടവാങ്ങാനുറച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസി. പുതിയതായി ചാർജെടുത്ത ബാഴ്‌സ മുഖ്യപരിശീലകൻ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച നടക്കുന്ന പരിശീലനത്തിലേക്ക് മെസി എത്തില്ലെന്ന് സ്‌പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സീസണ് മുന്നോടിയായി ബാഴ്‌സ താരങ്ങൾക്ക് കോവിഡ് പരിശോധന നടക്കുന്നുണ്ട്. ഇന്നു നടക്കുന്ന കോവിഡ് ടെസ്റ്റിന് മെസി വിധേയനാകില്ലെന്നാണ് സൂചന.

Messi

ബാഴ്‌സയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മെസി വ്യക്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലത്തിനും മെസി ബാഴ്‌സയുമായി സഹകരിക്കില്ലെന്ന വാർത്തകൾ പുറത്തുവരുന്നു. പ്രമുഖ സ്‌പാനിഷ് കായിക പത്രമായ ‘മാർസ’യിൽ ബാഴ്‌സയുമായി മെസി പരസ്യയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകളുണ്ട്.

Read Also: മെസി ഇല്ലെങ്കിലും ഗ്രീസ്‌മാൻ വേണം; ബാഴ്‌സയിലെ നീക്കങ്ങൾ ഉറ്റുനോക്കി കായികലോകം

പുതിയ പരിശീലകനായ റൊണാൾഡ് കൊമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലനത്തിനായി ബാഴ്‌സ ടീമംഗങ്ങളോടൊപ്പം ചേരില്ലെന്ന തീരുമാനം മാനേജ്‌മെന്റിനെ അറിയിക്കാൻ മെസി ഒരു ദൂതനെ അയച്ചതായി കായിക പത്രമായ ‘ലാ വാൻഗാർഡിയ’യും റിപ്പോർട്ട് ചെയ്യുന്നു. പരിശീലനത്തിനു എത്തില്ലെന്ന വിവരം നിയമപരമായ രേഖകൾ സഹിതമാണ് അറിയിച്ചതെന്നാണ് വിവരം.

ബാഴ്‌സ മാനേജർ ജോസഫ് മരിയ ബർതോമ്യൂവിനെ മെസി തന്റെ നിലപാട് അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് വിടാൻ സന്നദ്ധത അറിയിച്ച മെസി പരിശീലന സെഷനിൽ പങ്കെടുക്കുന്നില്ലെങ്കിൽ നിയമപരമായി മറ്റ് പ്രശ്‌നങ്ങളില്ലെന്ന് താരത്തിന്റെ അഭിഭാഷകൻ പറഞ്ഞതായി സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയിൽ മെസിയെ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് മാനേജ്മെന്റ്. താരം ബാഴ്സയിൽ തുടരാൻ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർത്തോമ്യൂ രാജിസന്നദ്ധത അറിയിച്ചിട്ടും മെസി മൗനത്തിലാണ്. പുതിയ ഓഫറിനോട് മെസി ഇതുവരെ പ്രതികരിച്ചില്ലെന്ന് ക്ലബ്ബ് തന്നെയാണ് വ്യക്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ബർതോമ്യൂവാണ് താൻ ക്ലബ്ബ് വിടാനുള്ള കാരണമെന്ന് മെസി പരസ്യമായി പറയുന്ന സാഹചര്യത്തിൽ തൽസ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ അദ്ദേഹം സന്നദ്ധമാണെന്ന് ക്ലബ്ബ് അറിയിച്ചു.

Read Also: മെസിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്‌ബോള്‍ ടീമിന് കഴിയും?

ക്ലബ്ബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ടെലഗ്രാമിന് സമാനമായ ഒരു കത്ത് മെസി ബാഴ്സലോണയ്ക്ക് കൈമാറിയിരുന്നു. സീസൺ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാമെന്ന കരാറിലെ ധാരണ ചൂണ്ടികാട്ടിയാണ് മെസി കത്ത് നൽകിയത്. എന്നാൽ ആ കാലാവധി ജൂലൈ 10ന് കഴിഞ്ഞെന്നും 2021 ജൂണിൽ കരാർ അവസാനിക്കുന്നത് വരെ ടീമിനൊപ്പം തുടരണമെന്ന് അറിയച്ചതാണെന്നുമാണ് ബാഴ്സലോണ അറിയിക്കുന്നത്.

സ്‌പാനിഷ് പത്രങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസി ചേക്കേറുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്റുമായി മെസിയുടെ പിതാവ് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അർജന്റീനയിൽ മെസിയുടെ ഉറ്റ ചങ്ങാതിയായ സെർജിയോ അഗ്വിറോ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ്. അഗ്വിറോയുടെ സാന്നിധ്യം മെസിയെ കൂടുതൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുപ്പിക്കുന്നതായാണ് കായികലോകം വിലയിരുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook