സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ പടല പിണക്കങ്ങൾ കായികലോകത്തെ നിരാശരാക്കുന്നു. സൂപ്പർതാരം ലയണൽ മെസി ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. മെസിയെ ക്ലബിൽ നിർത്താൻ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും താൻ ബാഴ്‌സ വിടുകയാണെന്ന് താരം മാനേജ്‌മെന്റിനെ അറിയിച്ചു.
സ്‌പാനിഷ് പത്രങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസി ചേക്കേറുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്റുമായി മെസിയുടെ പിതാവ് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അർജന്റീനയിൽ മെസിയുടെ ഉറ്റ ചങ്ങാതിയായ സെർജിയോ അഗ്വിറോ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ്. അഗ്വിറോയുടെ സാന്നിധ്യം മെസിയെ കൂടുതൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുപ്പിക്കുന്നതായാണ് കായികലോകം വിലയിരുത്തുന്നത്.
Read Also: മെസി സിറ്റിയിലേക്കോ? കരാറിലെത്താൻ സാധ്യതകൾ പരിശോധിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ്
അതേസമയം, അന്റോയ്‌ൻ ഗ്രീസ്‌മാനെ നിലനിർത്തി മുന്നോട്ടുപോകാനാണ് ബാഴ്‌സ മാനേജ്‌മെന്റ് ആലോചിക്കുന്നത്. മെസി തുടർന്നാലും ഇല്ലെങ്കിലും ഗ്രീസ്‌മാന് ബാഴ്‌സയിൽ സുപ്രധാന റോൾ ഉണ്ടെന്ന് മാനേജ്‌മെന്റ് തന്നെ പരസ്യപ്പെടുത്തുന്നു. ഗ്രീസ്‌മാന് ബാഴ്‌സയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്ന് ക്ലബ് മുഖ്യ പരിശീലകൻ റൊണാൾഡ് കൊമാൻ പറഞ്ഞതായാണ് സൂചന. മെസിയെ പോലെ പുറത്തേക്കുള്ള വഴിയിലാണ് ബാഴ്‌സയിലെ മറ്റൊരു താരമായ ലൂയി സുവാരസ്. മറ്റൊരു ക്ലബിനെ കുറിച്ച് ആലോചിക്കണമെന്ന് ബാഴ്‌സ മാനേജ്‌മെന്റ് സുവാരസിനു മുന്നറിയിപ്പ് നൽകിയതായി സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്‌സ ടീം മാനേജ്‌മെന്റിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ക്യാംപ് നൗവിൽ ബാഴ്‌സ മാനേജർ ജോസഫ് മരിയ ബർതമ്യൂവിനെതിരെ ആരാധകർ പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനെ ബർതമ്യൂ നശിപ്പിക്കുകയാണെന്ന മുദ്രാവാക്യമുയർത്തിയാണ് പലയിടത്തും ആരാധകർ പ്രതിഷേധിച്ചത്. ക്യാംപ് നൗവിന് സമീപം പലയിടത്തും ബാഴ്‌സ മാനേജർക്കെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.