മെസിയുടെ കാലുകൾ വീണ്ടും മായജാലം തീർത്തപ്പോൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യപാത മത്സരത്തിൽ ലിവർപൂളിനെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിനെ ബാഴ്സ തറപറ്റിച്ചത്. മത്സരത്തിൽ ഇരട്ടഗോൾ നേടിയ മെസി ബാഴ്സലോണയുടെ കുപ്പായത്തിൽ 600-ാം ഗോളും തികച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് സെമിയിലെത്തിയ ബാഴ്ലോണ ലിവർപൂളുമായുള്ള ആദ്യപാത സെമിപാത മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു. ബാഴ്സയുടെ തട്ടകമായ ന്യൂക്യാമ്പിൽ മത്സരത്തിനിടെ ഒരിക്കൽ പോലും കാര്യമായ വെല്ലുവിളി ഉയർത്താൻ ലിവർപൂളിനായില്ല. ആദ്യ പകുതിയിൽ ഗോൾ ലൂയി സൂവാരസിന്റെ വക. രണ്ടാം പകുതിയിൽ തുടരെ തുടരെ രണ്ട് ഗോളുകൾ മെസിയുടെ കാലിൽ നിന്ന്.

മത്സരം തുടങ്ങി 26-ാം മിനിറ്റിലായിരുന്നു ലൂയി സുവാരസിന്റെ വക ഗോൾ. ഒപ്പമെത്താൻ ലിവർപൂൾ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതി 1 – 0ന് ബാഴ്സ ലീഡെടുത്തു.

രണ്ടാം പകുതിയിലായിരുന്നു മെസിയുടെ മായാജാലം. തുടക്കത്തിൽ ഗോൾ മടക്കാൻ ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക് അവസരം ലഭിച്ചെങ്കിലും പോസ്റ്റിൽ തട്ടി മാറുകയായിരുന്നു. 75-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോൾ. ബാഴ്സയുടെ തകർപ്പൻ മുന്നേറ്റത്തിൽ ഗോളടിക്കാനുള്ള ചുമതല സുവാരസിനായിരുന്നു. എന്നാൽ സുവാരസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മെസി പന്ത് പിടിച്ചെടുത്ത് വീണ്ടും പോസ്റ്റിലേക്ക് തുടുക്കുകയായിരുന്നു.

Also Read: ഹൃദയാഘാതം; സ്പാനിഷ് ഫുട്ബോൾ ഇതിഹാസ താരം കസിയസ് ആശുപത്രിയില്‍

ലീഡ് രണ്ടായി ഉയർത്തിയ മെസിയുടെ ബാഴ്സലോണ ജയം ഉറപ്പിച്ചെങ്കിലും ഗോൾ നില ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു. 82-ാം മിനിറ്റിൽ വീണ്ടും മെസി. ബോക്സിന് പുറത്ത് നിന്ന് താരത്തിന്റെ ഫ്രീകിക്ക് ഇരു ടീമിലെയും കളിക്കാരെ കാണികളാക്കി ലിവർപൂളിന്റെ വലയിലേക്ക്.

ബാഴ്സലോണയുടെ നായകനായി മെസി കളിക്കുന്ന നൂറാം മത്സരം കൂടിയായിരുന്നു ലിവർപൂളിനെതിരായത്.

“മെസിയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ അയാൾ ഞങ്ങളെ ഞെട്ടിക്കാതിരിക്കില്ല,” ബാഴ്സലോണ പരിശീലകൻ എർണസ്റ്റോ വൽവർദേ മത്സരശേഷം പ്രതികരിച്ചു.

മൈതാനത്ത് ബാഴ്സലോണയ്ക്ക് ഒപ്പത്തിനൊപ്പം നിക്കാൻ ലിവർപൂളിനായെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ വരുത്തിയ പിഴവാണ് തോൽവിയിലേക്ക് നയിച്ചത്. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാത സെമിയിൽ ഇരു ടീമുകളും ലിവർപൂളിന്റെ തട്ടകത്തിൽ വീണ്ടും ഏറ്റുമുട്ടും. മെയ് എട്ടിനാണ് മത്സരം. വലിയ മാർജിനിൽ ബാഴ്സയെ തകർക്കുക എന്ന ലക്ഷ്യമാണ് ലിവർപൂളിന് മുന്നിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook