പാരിസ്: ബലോൻ ദ്യോർ പുരസ്കാരത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ബാഴ്സയുടെ അര്‍ജന്റീന താരം ലയണല്‍ മെസി. ആറാം ബലോൻ ദ്യോറാണ് മെസി ഇന്ന് സ്വന്തമാക്കിയത്. ഫ്രാന്‍സിലായിരുന്നു ബലോൻ ദ്യോർ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ ബലോൻ ദ്യോർ പുരസ്കാര നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി. അഞ്ച് തവണ ബലോൻ ദ്യോർ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. 2015 ലാണ് മെസി അവസാനമായി ബലോൻ ദ്യോർ പുരസ്കാരം നേടിയത്.
രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡിക്കാണ്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രതിരോധം കാത്ത താരമാണ് വിർജിൽ. അവസാന നിമിഷംവരെ മെസിക്ക് വെല്ലുവിളി ഉയർത്താൻ വിർജിലിന് സാധിച്ചു. പോയിന്റ് പട്ടികയിൽ മെസിക്ക് പിന്നിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ലാലിഗയിലെയും ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനമാണ് മെസിക്ക് പുരസ്കാരം ലഭിക്കാൻ കാരണമായത്. ലാലിഗയിൽ 36 ഗോളുകളും 13 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ചാംപ്യൻസ് ലീഗിൽ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസിയിലൂടെ ബാഴ്സയ്ക്ക് ലഭിച്ചത്.
Read Also: Horoscope Today December 03, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
യൂറോപ്യൻ ഗോൾഡൻ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്. 2009 ലാണ് മെസി ആദ്യമായി ബലോൻ ദ്യോർ നേടുന്നത്. പിന്നീട് 2010, 2011, 2012 വർഷങ്ങളിലും ബലോൻ ദ്യോർ മെസി സ്വന്തം പേരിൽ നിലനിർത്തി. അതിനുശേഷം 2015 ലാണ് മെസിയെ തേടി വീണ്ടും ബലോൻ ദ്യോർ പുരസ്കാരം എത്തിയത്. കഴിഞ്ഞ വർഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചായിരുന്നു ബലോൻ ദ്യോറിന് അർഹനായത്.
അമേരിക്കയെ ലോകകിരീടത്തിലേക്ക് നയിച്ച മേഗൻ റാപ്പിനോയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ബ്രസീലിന്റെ ആലിസൺ ബെക്കറാണ് സ്വന്തമാക്കിയത്.