ബാഴ്സ: സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി. അടുത്ത മാസം ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി കളിക്കും. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍സിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു താരത്തിനു സസ്പെന്ഷന് ലഭിച്ചിരുന്നു. ഇതിനുശേഷം മെസി അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ല. ബ്രസീല്‍, ഉറഗ്വായ് ടീമുകള്‍ക്കെതിരെയാണ് അടുത്ത മാസം അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരങ്ങളുള്ളത്. രണ്ടിലും മെസി ടീമിന്റെ ഭാഗമാകും.
കോപ്പ അമേരിക്കയിൽ സാധ്യതകൾ മാത്രമല്ല സാഹചര്യങ്ങളും ബ്രസീലിന് മനുപൂർവ്വം അനുകൂലമാക്കുകയാണെന്ന ആരോപണമാണ് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി നടത്തിയത്. ഇതേ തുടർന്നാണ് താരത്തിനു വിലക്ക് നേരിടേണ്ടി വന്നത്. ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ചിലിക്കെതിരെ റെഡ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മെസി. വാറിനും റഫറിമാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മെസി പറഞ്ഞു.
Read Also: ഫ്രീ കിക്ക് ആശാന്; മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 50 ആയി
“ഇവിടെ ഒരുപാട് അഴിമതികൾ നടക്കുന്നുണ്ട്. റഫറിമാർ…അവർ ഞങ്ങളെ ഫൈനലിൽ കയറാൻ അനുവദിച്ചില്ല. സെമിഫൈനലിൽ ബ്രസീലിനെതിരെയും ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ കാര്യമുണ്ടായില്ല. ഇത് ബ്രസീൽ ജയിക്കാൻ വേണ്ടി എഴുതിയിരിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. വാറിനും റഫറിമാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഫൈനലിൽ പെറുവിന് മത്സരിക്കാം പക്ഷെ കാര്യമുണ്ടെന്ന് തോന്നുന്നില്ല,” മെസി പറഞ്ഞു.
കോപ്പ അമേരിക്കയിലെ ലൂസേഴ്സ് ഫൈനൽ പോരാട്ടം പാതിയിൽ ഉപേക്ഷിച്ച് റെഡ് കാർഡ് കണ്ട മെസി കൂടാരം കയറി. പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. അർജന്റീനയുടെ വിജയം ആഘോഷിക്കാനും മൂന്നാം സ്ഥാനക്കാരുടെ മെഡൽ സ്വീകരിക്കാനും മെസി മൈതാനത്ത് കാലുകുത്തിയില്ല. കാരണം തന്റെ കരിയറിൽ ഇത് രണ്ടാം തവണ മാത്രമാണ് മെസി റെഡ് കാർഡ് കാണുന്നത്.