ബാഴ്‌സയുടെ അർജന്റീന താരം ലയണൽ മെസി തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. കായികലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരമാണ് മെസി. കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ഏറെ സസ്‌പെൻസുകളുള്ള താരമാണ് മെസി. കുട്ടിക്കാലം മുതലുള്ള പ്രണയമാണ് മെസിയെയും അന്റോണെല്ല റൊക്കൂസോയെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. നിരവധി ട്വിസ്റ്റുകളുള്ള ഒരു പ്രണയകാവ്യമായിരുന്നു അത്. ഫുട്‌ബോൾ മൈതാനത്ത് ഇടംകാലുകൊണ്ട് കവിത രചിക്കുന്ന മെസി ജീവിതത്തിലും ഒരു പ്രണയകാവ്യം രചിക്കുകയായിരുന്നു.

Read Also: ഫുട്‌ബോൾ ലോകത്തെ ‘മിശിഹ’; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ

അഞ്ച് വയസുള്ളപ്പോൾ മുതൽ മെസിയും അന്റോണെല്ലയും സുഹൃത്തുക്കളാണ്. ഇരുവരും റൊസാരിയോ തെരുവിലാണ് ജനിച്ചുവളർന്നത്. കുഞ്ഞുമെസി കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ലൂക്കാസുമായുള്ള മെസിയുടെ സുഹൃദ്‌ബന്ധം വളർന്നു. അതോടൊപ്പം കുഞ്ഞു മെസിയുടെ മനസിൽ ഒരു പ്രണയവും മൊട്ടിട്ടു. ലൂക്കാസിന്റെ കസിനാണ് അന്റോണെല്ല. ലൂക്കാസുമായി അടുത്തതു പോലെ അന്റോണെല്ലയുമായി മെസി നല്ല അടുപ്പത്തിലായി. റൊസാരിയോ തെരുവീഥികളിൽ അവർ ഒന്നിച്ചു കളിക്കാനും സൗഹൃദം പങ്കിടാനും തുടങ്ങി. അകലാൻ സാധിക്കാത്തവിധം ഇരുവരും അടുത്തു. സ്ഥിരമായി അന്റോണെല്ലയ്‌ക്കു കത്തുകൾ എഴുതിയിരുന്ന കുഞ്ഞു മെസി വലുതായി കഴിയുമ്പോൾ അവളെ തന്റെ ഗേൾഫ്രണ്ട് ആക്കുമെന്ന് പറയുമായിരുന്നു. ‌‌

പിന്നീട് മെസി ഫുട്‌ബോൾ ലോകത്തേക്ക് എത്തി. മെസിയെന്ന താരം ഉയർച്ചകളിലേക്ക് കയറാൻ തുടങ്ങി. മെസിയും അന്റോണെല്ലയും വളരെ അകൽച്ചയിലായി. ഇരുവരും തമ്മിൽ ആ സമയത്ത് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അന്റോണെല്ല മറ്റൊരാളുമായി പ്രണയത്തിലാകുകയും ചെയ്‌തു. റൊസാരിയോയിലുള്ള ഒരു സുഹൃത്തുമായി തന്നെയാണ് അന്റോണെല്ല പ്രണയത്തിലായത്. മൂന്ന് വർഷം ആ പ്രണയബന്ധം നീണ്ടു. പിന്നീട് ആ ബന്ധം അന്റോണെല്ല ഉപേക്ഷിക്കുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് അന്റോണെല്ലയുടെ അടുത്ത സുഹൃത്ത് വാഹനാപകടത്തിൽ മരിക്കുന്നത്. ഇത് അന്റോണെല്ലയെ മാനസികമായി തളർത്തി. ഇക്കാര്യം അറിഞ്ഞ മെസി ഉടൻ അർജന്റീനയിലേക്ക് തിരിച്ചെത്തി. അന്റോണെല്ലയ്‌ക്ക് മാനസികമായ ശക്തി പകർന്നു. അന്റോണെല്ലയ്‌ക്കൊപ്പം ആയിരിക്കാനാണ് മെസി അർജന്റീനയിലേക്ക് എത്തുന്നത്. വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢപ്പെട്ടു. അകലാൻ സാധിക്കാത്ത വിധം ഇരുവരും പ്രണയത്തിലായി. എന്നാൽ, ഇക്കാര്യം ഇരുവരും പരസ്യമാക്കിയില്ല.

Read Also: മെസി@33…റെക്കോർഡുകളുടെ രാജകുമാരനു ജന്മദിനം; വിജയഗോളൊരുക്കി ‘മിശിഹ’

2007 ലാണ് മെസിയുമായി അടുപ്പത്തിലാണെന്ന കാര്യം അന്റോണെല്ല വെളിപ്പെടുത്തുന്നത്. 2010 ൽ അന്റോണെല്ല ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടു. മെസിക്കൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു അത്. 2012 നവംബർ രണ്ടിനു അന്റോണെല്ല-മെസി ദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നു. 2015 ൽ രണ്ടാമത്തെ കുഞ്ഞും പിറന്നു. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിതാവിന്റെയും മാതാവിന്റെയും വിവാഹത്തിനു മക്കളായ തിയാഗോയും മതിയോയും സാക്ഷികളായി. 2018 ൽ ഇരുവർക്കും മൂന്നാമത്തെ കുഞ്ഞും പിറന്നു. ഫുട്‌ബോൾ കഴിഞ്ഞാൽ മെസിക്ക് ഏറ്റവും പ്രിയപ്പെട്ടത് കുടുംബം തന്നെയാണ്. മത്സരങ്ങളില്ലാത്ത സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് മെസി ചെയ്യുക. മെസിയുടെ കുടുംബം ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook