മെല്‍ബണ്‍: സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നു മാറ്റിനിർത്താൻ തീരുമാനം. താരത്തിന്റെ മാനസികാരോഗ്യം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടീമില്‍ നിന്നു തൽക്കാലത്തേക്ക് മാറ്റിനിർത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്നും ഇനി നടക്കാന്‍ പോകുന്ന പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്നുമാണ് താരത്തെ ഒഴിവാക്കിയിരിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും മാക്‌സ്‌വെല്‍ കളിച്ചിരുന്നു. ആദ്യ ട്വന്റി 20 യില്‍ 28 പന്തില്‍ നിന്ന് 62 റണ്‍സ് നേടി മാക്‌സ്‌വെല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം മത്സരത്തില്‍ മാക്‌സ്‌വെല്‍ ബാറ്റ് ചെയ്തില്ല.
മാക്‌സ്‌വെല്ലിനെ ടീമില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മാനസികനില തൃപ്തികരമല്ലാത്തതിനാലാണ് താരത്തെ മാറ്റി നിര്‍ത്തുന്നതെന്നും കുറച്ചു നാളത്തേക്ക് താരം ടീമിന്റെ ഭാഗമായിരിക്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു.
താരങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു. മാക്‌സ്‌വെല്ലിനു പകരം മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഡാര്‍സി ഷോര്‍ട്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
“മാക്‌സ്‌വെല്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ്. താരം ഉടന്‍ തന്നെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.” ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു.