ന്യൂയോര്‍ക്ക്: ലോകകപ്പ് നേടി നാട്ടിലെത്തിയ അമേരിക്കന്‍ ടീമിന് ആവേശകരമായ സ്വീകരണം. വിക്ടറി പരേഡില്‍ കോ-ക്യാപ്റ്റന്‍ മേഗന്‍ റാപിനോയ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടുകയാണ്. ന്യൂയോര്‍ക്ക് നഗരത്തോട് ‘ഹലോ’ പറഞ്ഞ് തുടങ്ങിയ മേഗന്‍ തങ്ങളുടെ വിജയത്തിനൊപ്പം നിന്ന ഓരോരുത്തരേയും എണ്ണിയെണ്ണി പറഞ്ഞാണ് നന്ദി അറിയിച്ചത്. ഒപ്പം മേഗന്റെ വാക്കുകളിലെ മോട്ടിവേഷനും ലോകത്തിന്റെ കൈയ്യടി നേടുകയാണ്.

തനിക്കൊപ്പം കളിക്കുന്നവരുടെ, അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ വൈവിധ്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മേഗന്‍ തന്റെ പ്രസംഗം ആരംഭിച്ചത്.”ഈ ടീമിനെ കാര്‍ലിയ്ക്കും അലക്‌സിനുമൊപ്പം നയിക്കുന്നതിനേക്കാള്‍ അഭിമാനകരമായൊന്നുമില്ല. ഈ ടീമിനെ മൈതാനത്ത് നയിക്കാന്‍ കഴിയുന്നത് അഭിമാനമാണ്. പ്രിസഡന്റ് മത്സരത്തിന് പോലും ഞാനില്ല. ഞാന്‍ ബിസിയാണ്. ” മേഗന്‍ പറയുന്നു.

”ഈ ഗ്രൂപ്പിനെ തകര്‍ക്കാന്‍ കഴിയുന്നതായി ഒന്നുമില്ല. ശാന്തരാണ് ഞങ്ങള്‍, ഞങ്ങള്‍ക്ക് ആഘോഷങ്ങളുണ്ട്. പിങ്ക് മുടിയും പര്‍പ്പിള്‍ മുടിയുമുണ്ട്. ടാറ്റുകളും ഡ്രെഡ് ലോക്കുകളുമുണ്ട്. വെളുത്ത സ്ത്രീകളും കറുത്ത സ്ത്രീകളുമുണ്ട്. അതിനിടയിലുള്ളതുമുണ്ട്. സ്‌ട്രെയിറ്റും സ്വവര്‍ഗ്ഗഅനുരാഗികളുമുണ്ട്” മേഗന്‍ പറയുന്നു.

തന്റെ ഐക്കോണിക് പോസ് വേദിയില്‍ വീണ്ടും അവതരിപ്പിച്ചു കൊണ്ടായിരുന്നു മേഗന്റെ പ്രസംഗം.”എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഇതാണ്, നമ്മള്‍ക്ക് ഇനിയും മെച്ചപ്പെടണം. നമുക്ക് കൂടുതല്‍ സ്‌നേഹിക്കണം. കൂടുതല്‍ കേള്‍ക്കണം, കുറച്ച് സംസാരിക്കണം. ലോകത്തെ ഇതിലും മികച്ച ഇടമാക്കുക നമ്മുടെ ഉത്തരവാദിത്വമാണ്” മേഗന്‍ പറഞ്ഞു.

”അമേരിക്കയുടെ പ്രിയപ്പെട്ട സോക്കര്‍ ടീമെന്നാണ് ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്. പക്ഷെ ഇവിടെ മുതല്‍ ഞങ്ങള്‍ അമേരിക്കയുടെ ടീമെന്ന് അറിയപ്പെടും” താരം കൂട്ടിച്ചേര്‍ത്തു. പരേഡിലുടനീളം തുല്യവേതന മുദ്രാവാക്യവും മുഴങ്ങിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ നല്‍കിയ ‘പരേഡ്‌സ് ആര്‍ കൂള്‍, ഈക്വല്‍ പേ ഈസ് കൂളര്‍’ എന്നെഴുതിയ പോസ്റ്റര്‍ ചില താരങ്ങള്‍ ഉയര്‍ത്തി കാണിച്ചിരുന്നു.

പരേഡിന് മുമ്പ് ചാനല്‍ പരിപാടിയിലും മേഗന്‍ ട്രംപിനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ”നിങ്ങളുടെ സന്ദേശം ജനങ്ങളെ അകറ്റുകയാണ്. നിങ്ങള്‍ എന്നെ ബഹിഷ്‌കരിക്കുകയാണ്. എന്നെ പോലുള്ളവരെ അകറ്റുകയാണ് നിങ്ങള്‍. നിറമുള്ളവരെ നിങ്ങള്‍ അകറ്റുകയാണ്. നിങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരെ പോലും നിങ്ങള്‍ അകറ്റുകയാണ്” എന്നായിരുന്നു മേഗന്റെ വാക്കുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook