ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. ഒളിംപിക്സ് മെഡല്‍ ജേതാവ് മേരി കോം ആണ് സമിതിയുടെ അധ്യക്ഷ. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അടുത്ത ഒരു മാസത്തേക്ക് ഡബ്ല്യുഎഫ്ഐയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കും.
ഒളിമ്പിക് മെഡല്‍ ജേതാവ് ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്റണ്‍ താരവും മിഷന് ഒളിമ്പിക് സെല്‍ അംഗവുമായ തൃപ്തി മുര്‍ഗുണ്ടെ, മുന്‍ ടോപ്സ് സിഇഒ രാജഗോപാലന്‍, ഗുസ്തി ടീമുകളുടെ മുന്‍ സായ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കായിക മന്ത്രി അനുരാഗ് താക്കൂറാണ് സമിതിയെ പ്രഖ്യാപിച്ചത്.
ഡബ്ല്യുഎഫ്ഐക്കും ബ്രിജ് ഭൂഷണ് സിങ്ങിനുമെതിരെ വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക്, രവി ദാഹിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ നടത്തിയ മൂന്ന് ദിവസത്തെ കുത്തിയിരിപ്പ് പ്രതിഷേധത്തെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണ സിമിതി കമ്മിറ്റി രൂപീകരിക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.