അടുത്ത കാലത്ത് പ്രതിഭകൊണ്ട് ഫുട്ബോൾ ലോകത്തെ താരമായി മാറികൊണ്ടിരിക്കുകയാണ് ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ. കഴിഞ്ഞ വർഷം നിരവധി പുരസ്കാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയ എംബാപ്പെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കടുത്ത റൊണാൾഡോ ആരാധകനായ എംബാപ്പെ തന്റെ മുറി മുഴുവൻ റൊണാൾഡോ ചിത്രങ്ങൾ പതിപ്പിച്ച ഫോട്ടോ നേരത്തെ പങ്കുവെച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ് യുവതാരം.
പോർച്ചുഗൽ നായകനും യുവന്റസിന്റെ സ്റ്റാർ സ്ട്രൈക്കറുമായ റൊണാർഡോയുടെ ചിത്രങ്ങളായിരുന്നു എംബാപ്പെയുടെ ചുവരുകളിൽ. എന്നാൽ ഇപ്പോൾ റൊണാൾഡോയെ പുറത്താക്കി തന്റെ ചിത്രങ്ങൾ കൊണ്ട് തന്നെ ചുവരുകൾ നിറച്ചിരിക്കുകയാണ് എംബാപ്പെ.
റൊണാൾഡോ ചിത്രങ്ങൾക്ക് പകരം തന്റെ കളി ജീവതത്തിലെ മനോഹര ഓർമ്മകൾ ചുവരിൽ പതിപ്പിച്ചിരിക്കുന്നു. ലോകകപ്പുമായി നിൽക്കുന്ന ചിത്രത്തിന് പുറമെ മികച്ച യുവതാരത്തിനുള്ള ബാലൻ ദി ഓർ പുരസ്കാരമായ കോപ്പ ട്രോഫിയുമായി നിൽക്കുന്ന ചിത്രവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.