ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തില്‍ നിര്‍ണായകമായ മുഹമ്മദ് ആമിറിനെ ഒരു സാധാരണ ബൗളറെന്ന രോഹിത് ശർമ പരാമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. എന്നാൽ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ പാക് താരം. രോഹിത് ശര്‍മ്മ എന്തുപറഞ്ഞാലും അത് മുഹമ്മദ് ആമിറിന് ഒരു പ്രശ്‌നമല്ല. എന്നാല്‍ രോഹിതിന്റെ ബാറ്റിങ്ങിന് അത്ര സാധാരണയായി കാണാന്‍ ഒരുകകമല്ലെന്നും ആമിര്‍ പറയുന്നു.
സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ രോഹിതിന്റെ പാരമര്‍ശത്തെ കുറിച്ച് പറഞ്ഞത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായമുണ്ടെന്നും അതാലോചിച്ച് ഉറക്കമൊഴിക്കേണ്ട കാര്യമില്ലെന്നും ആമിര്‍ വ്യക്തമാക്കി.
‘അത് എന്നെക്കുറിച്ചുള്ള രോഹിതിന്റെ അഭിപ്രായമാണ്. ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചുപറയാം. രോഹിതിനെ ഞാന്‍ ഒരിക്കിലും ഒരു സാധാരണ ബാറ്റ്‌സ്മാന്‍ എന്നു വിളിക്കില്ല. അദ്ദേഹം മികച്ച ബാറ്റ്‌സ്മാനാണ്. ഇന്ത്യക്കായി അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ മതി എത്രത്തോളം മികച്ചവനാണെന്ന് മനസ്സിലാക്കാന്‍. രോഹിതിനെ ഞാന്‍ ബഹുമാനിക്കുന്നു.’ ആമിര്‍ പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് ശര്‍മ്മയോടൊപ്പം വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും വിക്കറ്റുകള്‍ ആമിര്‍ വീഴ്ത്തിയിരുന്നു. ഓവലില്‍ നടന്ന ഫൈനലില്‍ ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ മൂന്നു പേരും ക്രീസ് വിട്ടിരുന്നു. ഇത് പാക് വിജയത്തില്‍ നിര്‍ണായകമായി.