ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടുത്തോളം ‘മായന്തി ലാങ്ങർ’ എന്ന പേര് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐപിഎല്ലിലും ലോകകപ്പ് അടക്കമുള്ള ഇന്ത്യയുടെ മത്സരങ്ങളിലും അവതാരകയായിരുന്നു മായന്തി. ഇത്തവണ ഐപിഎൽ ആരംഭിക്കുമ്പോൾ മായന്തിയുടെ ആസാന്നിധ്യം ഏറെ ചർച്ചയായിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 13-ാം പതിപ്പിന് മായന്തിയില്ല. ഐപിഎല്ലിന്റെ സംപ്രേക്ഷകരായ സ്റ്റാർ സ്‌പോർട്‌സ് തന്നെയാണ് ഇത്തവണ അവതാരകയുടെ റോളിൽ മായന്തി ലാങ്ങർ ഉണ്ടാകില്ലെന്ന കാര്യം അറിയിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയുടെ ഭാര്യയാണ് മായന്തി. ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. അതുകൊണ്ടാണ് താൻ ഇത്തവണ ഐപിഎൽ അവതാരകയായി എത്താത്തതെന്ന് മായന്തി തന്നെ വെളിപ്പെടുത്തി. ബിന്നിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം അടക്കം പങ്കുവച്ചാണ് മായന്തി ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Read Also: IPL 2020 Schedule: ക്രിക്കറ്റ് പൂരത്തിന് വെടിക്കെട്ട് തുടക്കമിടാൻ മുംബൈയും ചെന്നൈയും; ഐപിഎൽ മത്സരക്രമം ഇങ്ങനെ

ഐപിഎൽ മത്സരങ്ങൾ കാണാൻ ഇഷ്‌ടപ്പെടുന്നു എന്നുപറഞ്ഞാണ് മായന്തിയുടെ ട്വീറ്റ്. “ഐപിഎല്ലിലെ പിൻമാറ്റത്തെ കുറിച്ച് ചിലർ എന്നോട് തിരക്കി. എന്നാൽ, മറ്റുള്ളവർ കുറച്ചു പേര്‍ മാത്രമേ തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളൂ. മറ്റുള്ളവര്‍ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി വളരെ അഭിമാനകരമായ പല ഇവന്റുകളും മുന്നിൽ നിന്നു നയിക്കാനുള്ള അവസരം സ്റ്റാർ സ്‌പോർട്‌സ് കുടുംബം എനിക്ക് നൽകി. എനിക്ക് ആവശ്യമായ സമയത്തെല്ലാം അവർ വേണ്ടത്ര പിന്തുണ നൽകി. ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയാവുന്നതു വരെ ഹോസ്റ്റിങ് സുഖകരമാണെന്ന് ഉറപ്പ് വരുത്താന്‍ എനിക്ക് വേണ്ടി അവർ പല വിട്ടുവീഴ്‌ചകളും ചെയ്‌തു. ഐപിഎല്‍ നേരത്തെ നിശ്ചയിച്ചതുപോലെ കൃത്യമായി നടന്നിരുന്നെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പോകുമായിരുന്നു. ആറു ആഴ്‌ചകൾക്കു മുൻപാണ് എനിക്കും സ്റ്റുവർട്ടിനും ഒരു ആൺകുഞ്ഞ് പിറന്നത്. അതിനുശേഷം ജീവിതമാകെ മാറിയിരിക്കുന്നു” മായന്തി ട്വീറ്റ് ചെയ്തു.

മായന്തിയുടെ ട്വീറ്റിനു താഴെ നിരവധി പ്രമുഖർ ആശംസകൾ അറിയിച്ചിട്ടുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നതായും മായന്തിയെ ഇത്തവണ ഐപിഎല്ലിൽ മിസ് ചെയ്യുമെന്നും ഇംഗ്ലണ്ട് മുൻ താരം കെവിൽ പീറ്റേഴ്‌സൺ പറഞ്ഞു.

അതേസമയം, ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടിക്രക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് റണ്ണർഅപ്പുകളായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് നേരിടുന്നത്. പ്രാദേശിക സമയം വൈകിട്ട് ആറിന് ആരംഭിക്കുന്ന മത്സരം ഇന്ത്യയിൽ രാത്രി 7.30നായിരിക്കും. ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook