scorecardresearch

വമ്പന്മാരെ വെള്ളം കുടിപ്പിച്ച ലിയോണിനെ തിരഞ്ഞ് പിടിച്ച് പ്രഹരിച്ച് മായങ്ക്; സാധ്യമായത് ഇങ്ങനെ

എങ്ങനെയാണ് ലിയോണിനെ നേരിടേണ്ടത് എന്നാണ് മായങ്ക് കാണിച്ചു തന്നത്

എങ്ങനെയാണ് ലിയോണിനെ നേരിടേണ്ടത് എന്നാണ് മായങ്ക് കാണിച്ചു തന്നത്

author-image
Sports Desk
New Update
വമ്പന്മാരെ വെള്ളം കുടിപ്പിച്ച ലിയോണിനെ തിരഞ്ഞ് പിടിച്ച് പ്രഹരിച്ച് മായങ്ക്; സാധ്യമായത് ഇങ്ങനെ

മെല്‍ബണ്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും വെള്ളം കുടിപ്പിച്ച ബോളറായിരുന്നു നഥാന്‍ ലിയോണ്‍. രണ്ട് ടെസ്റ്റില്‍ നിന്നുമായി 16 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള ലിയോണിന്റെ സ്പിന്നുകള്‍ നേരിടാന്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ പോലും നന്നേ ബുദ്ധിമുട്ടിയിരുന്നു. ഓസ്‌ട്രേലിയ പരാജയപ്പെട്ട ആദ്യ ടെസ്റ്റിലും ജയിച്ച രണ്ടാം ടെസ്റ്റിലും ലിയോണായിരുന്നു ഓസീസിന്റെ കുന്തമുന. എന്നാല്‍ അതെല്ലാം ഏതോ വിദൂരക്കാഴ്ച മാത്രമാണെന്ന് തോന്നുന്ന തരത്തിലായിരുന്നു ഇന്ന് അരങ്ങേറ്റ താരം മായങ്ക് അഗര്‍വാള്‍ ലിയോണിനെ നേരിട്ടത്.

Advertisment

കൃത്യമായി ലിയോണിന്റെ പന്തുകളെ പഠിച്ച്, ആക്രമിക്കേണ്ട സമയത്ത് ആക്രമിച്ചും പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിച്ചുമാണ് മായങ്ക് ഓസീസ് സ്പിന്നറുടെ വെല്ലുവിളി മറികടന്നത്. ലൈനും ലെങ്തും പാലിച്ച് സ്ഥിരതയോടെ എറിയുന്ന ലിയോണിന് മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാനാവാതെ ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റുകള്‍ തുലച്ചു കളയാറാണ് പതിവ്. എന്നാല്‍ ബുദ്ധിപൂര്‍വ്വം കളിച്ച് മായങ്ക് ലിയോണിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് മെല്‍ബണില്‍ കണ്ടത്.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകൂടിയായതു കൊണ്ട് മായങ്കിന് കുറേ കൂടി സൗകര്യമായെന്ന് മാത്രം. സാധാരണയായി ക്രീസില്‍ നിന്നു തന്നെ ലിയോണിനെ നേരിടുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചെയ്യാറ്. അഡ്‌ലെയ്ഡ് പൂജാര ഇതിനൊരു അപവാദമായിരുന്നു. ഇന്ന് മായങ്കും ചെയ്തത് അതാണ്. തന്റെ കാലുകളുടെ ചലനത്തിലൂടെയാണ് മായങ്ക് ലിയോണിനെ ആശങ്കയിലാക്കിയത്. മായങ്കിന്റെ നീക്കം മനസിലാക്കിയ ലിയോണ്‍ എറൗണ്ട് ദ വിക്കറ്റ് പന്തെറിഞ്ഞു. ഓഫ് സ്റ്റമ്പായിരുന്നു ലിയോണിന്റെ ലക്ഷ്യം. എന്നാല്‍ കാലുകളുടെ ഉപയോഗത്തിലൂടെ തന്നെ മായങ്ക് ലിയോണിന് മറുപടി പറഞ്ഞു. ലെഗ് സൈഡിലേക്ക് വലിഞ്ഞ് തനിക്ക് കളിക്കാനുള്ള ഇടം സൃഷ്ടിച്ചായിരുന്നു മായങ്ക് കളിച്ചത്. അതോടെ ഓഫ് സൈഡ് തുറന്ന് ലഭിക്കുകയും മായങ്കിന് ഷോട്ടുകള്‍ കളിക്കാനും സാധിച്ചു.

Advertisment

ക്രീസിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു മായങ്കിന്റെ ബേസിക് തന്ത്രം. പക്ഷെ അതൊരിക്കലും മുന്‍കൂട്ടിയുള്ള നീക്കമായിരുന്നില്ല. ബാറ്റിന്റെ ഫെയ്‌സു കൊണ്ടായിരുന്നു ലിയോണിന്റെ പന്തുകളെ മായങ്ക് നേരിട്ടത്. ചില പന്തുകള്‍ ലിയോണിലേക്ക് തന്നെ മടക്കി അയച്ചപ്പോള്‍ ചിലത് മിഡ് ഓഫിലേക്ക് ഉയര്‍ത്തി വിട്ടു. ആക്രമണത്തോടൊപ്പം തന്നെ ശക്തമായ പ്രതിരോധവും ലിയോണിനെ നേരിടുന്നതില്‍ മായങ്കിന് സഹായമായി. ലിയോണിന്റെ മികച്ച പല പന്തുകളും തന്ത്രപരമായി മായങ്ക് ഡിഫന്റ് ചെയ്തു.

നഥാനെ തുടരെ തുടരെ ബൗണ്ടറികള്‍ പായിച്ച മായങ്ക് തന്റെ ആദ്യ ടെസ്റ്റ് സിക്‌സ് നേടിയതും ലിയോണിന്റെ പന്തിലായിരുന്നു. മായങ്ക് ഫിഫ്റ്റി തികച്ചത് ലിയോണിനെ ബൗണ്ടറി കടത്തിയായിരുന്നു. ലിയോണിനെ നേരിടുന്നതില്‍ മായങ്ക് പുലര്‍ത്തിയ മികവിനെ അഭിനന്ദിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് അടക്കം രംഗത്തെത്തിയിരുന്നു.

''ഇന്നത്തെ സ്റ്റാന്റ് ഔട്ട് പ്രകടനം മായങ്കിന്റേതാണ്. അരങ്ങേറ്റത്തില്‍ തന്നെ 76 റണ്‍സ് നേടിയിരിക്കുകയാണ്. പക്ഷെ അവിശ്വസനീയമായത് അവന്‍ നഥാന്‍ ലിയോണിനെ നേരിട്ട രീതിയാണ്. സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ എങ്ങനെയാണ് ലിയോണിനെ നേരിടേണ്ടത് എന്നാണ് മായങ്ക് കാണിച്ചു തന്നത്. ലിയോണിനെ കൊണ്ട് കൂടുതല്‍ പന്തും എറൗണ്ട് ദ വിക്കറ്റ് എറിയാന്‍ മായങ്ക് നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള വിളി അര്‍ഹിക്കുന്ന താരം തന്നെയാണെന്ന് മായങ്ക് തെളിയിച്ചു'' ക്ലര്‍ക്ക് പറഞ്ഞു.

Indian Cricket Team Nathan Lyon India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: