ചുരുക്കം മത്സരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ് മായങ്ക് അഗര്‍വാള്‍. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പരാജയപ്പെട്ടിട്ടും ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത് മായങ്കാണ്. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് ഇന്ന് തകര്‍ത്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ അടക്കം നിരവധി റെക്കോര്‍ഡുകളാണ്.
അതിവേഗം രണ്ട ടെസ്റ്റ് ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് മായങ്ക് ബ്രാഡ്മാനെ പിന്നിലാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 99-ാം ഓവറില്‍ മെഹ്ദി ഹസനെ സിക്‌സ് പറത്തിയാണ് മായങ്ക് 200 കടന്നത്. വെറും 12 ഇന്നിങ്‌സുകള്‍ മാത്രമാണ് മായങ്കിന് രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടാന്‍ വേണ്ടി വന്നത്. ബ്രാഡ്മാന്‍ 13 ഇന്നിങ്‌സുകളാണ് ഇതിനായി എടുത്തത്. ഇതോടെ മായങ്കിന് മുന്നിലുള്ളത് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി മാത്രമാണ്. വെറും അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നുമാണ് കാംബ്ലി രണ്ട് ഇരട്ട സെഞ്ചുറി നേടിയത്.
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ബംഗ്ലാദേശിനെതിരെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ ഇരട്ട സെഞ്ചുറി നേടിയിരുന്നത്. സച്ചിനും വിരാട് കോഹ്‌ലിയും.
330 പന്തുകളില്‍ നിന്നും 28 ഫോറും എട്ട് സിക്‌സുമടക്കം 243 റണ്‍സാണ് മായങ്ക് നേടിയത്. ഇതോടെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സെന്ന നവ്‌ജോത് സിങ് സിദ്ദുവിന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി മായങ്ക്. 1994 ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സിദ്ദുവിന്റെ പ്രകടനം.
മായങ്ക് ഇന്ന് നേടിയ 243 റണ്‍സും റെക്കോര്‍ഡാണ്. ടെസ്റ്റില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നിലാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഗ്രെയിം സ്മിത്തിനെയാണ്. 232 റണ്‍സായിരുന്നു സ്മിത്ത് നേടിയത്.
അതേസമയം, ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡിന് അഞ്ച് റണ്‍സകലെ മായങ്ക് വീണു. സച്ചിന്റെ 248 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്. അതേസമയം, ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ലോക റെക്കോര്‍ഡില്‍ അഞ്ചാമതുമെത്തി മായങ്ക്.