scorecardresearch

പഞ്ചാബിന് ഇനി പുതിയ കിങ്; മായങ്ക് അഗര്‍വാള്‍ നയിക്കും

മാര്‍ച്ച് 26 നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ തുടക്കം

Mayank Agarwal Punjab Kings
Photo: Facebook/ Punjab Kings

ന്യൂഡല്‍ഹി: കാത്തിരിപ്പിനും സസ്പെന്‍സുകള്‍ക്കും വിരാമം. കെ. എല്‍. രാഹുല്‍ കളം വിട്ട പഞ്ചാബ് കിങ്സിനെ ഇനി മായങ്ക് അഗര്‍വാള്‍ നയിക്കും. അര്‍ഷദീപ് സിങ്ങിനും ഹര്‍പ്രീത് ബ്രാറിനുമൊപ്പം പഞ്ചാബ് നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളാണ് അഗര്‍വാള്‍.

“2018 മുതല്‍ ഞാന്‍ പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിന് വേണ്ടി കളിക്കുക എന്നത് അഭിമാനം നല്‍കുന്ന ഒന്നാണ്. ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്,” പഞ്ചാബ് പുറത്ത് വിട്ട പ്രസ്താവനയില്‍ അഗര്‍വാള്‍ പറഞ്ഞു.

“ആത്മാര്‍ഥതയോടെ ഈ ഉത്തരാവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്. അതേസമയം തന്നെ ടീമലെ കഴിവുറ്റ താരങ്ങളാല്‍ എന്റെ ജോലി കൂടുതല്‍ എളുപ്പമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

“ഐപിഎല്‍ കീരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും ഞങ്ങള്‍ കളത്തിലേക്കിറങ്ങുന്നത്. ഒരിക്കല്‍ കൂടി അതേ ലക്ഷ്യത്തോടെ ഞങ്ങള്‍ പോരാടും. എന്നെ വിശ്വസിച്ച് ഉത്തരവാദിത്വം നല്‍കിയ ടീം മാനേജ്മെന്റിന് നന്ദി,” താരം വ്യക്തമാക്കി.

2011 ലാണ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും 400 റണ്‍സിന് മുകളില്‍ താരം സ്കോര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യക്കായി 19 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 1429 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. നാല് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

മായങ്ക് ടീമിന്റെ അഭിവാജ്യ ഘടകമാണെന്നാണ് പരിശീലകന്‍ അനില്‍ കുംബ്ലെ പറഞ്ഞത്. ടീമിന്റെ നായക നേതൃത്വത്തിലും മായങ്ക് ഭാഗമായിരുന്നു. താരലേലത്തില്‍ പരിചയസമ്പത്തിനും യുവാക്കള്‍ക്കും ഒരുപോലെ പരിഗണന കൊടുത്താണ് ടീമിനെ പാകപ്പെടുത്തിയതെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 26 നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ തുടക്കം. മുംബൈയിലും പൂനെയിലുമായി വിവിധ മൈതാനങ്ങളില്‍ വച്ചാണ് മത്സരം നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാണ്.

Also Read: കോഹ്ലിയോ ശ്രേയസോ, മൂന്നാം സ്ഥാനത്ത് ആരെത്തും; ഗവാസ്കര്‍ പറയുന്നു

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mayank agarwal appointed as captain of punjab kings