എം.എസ്.ധോണിയെന്ന മുന്‍ ഇന്ത്യന്‍ നായകന്റെ പേര് പറയുമ്പോള്‍ തന്നെ മനസിലേക്ക് ഓര്‍മ്മ വരുന്നൊരു ചിത്രമുണ്ട്. ആകാംക്ഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ഗ്യാലറിയെ സാക്ഷി നിര്‍ത്തി പന്തിനെ തന്റെ കാല്‍ ചുവട്ടില്‍ നിന്നും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തി വിടുന്ന ധോണിയുടെ ചിത്രം. ഒരുപാട് തവണ ഇന്ത്യക്കാര്‍ ആ ഷോട്ടിന്റെ മാസ്മരികത അനുഭവിച്ചിട്ടുണ്ട്.

ബാറ്റ് വായുവില്‍ ചുഴറ്റി കാലിന്റെ ചുവട്ടില്‍ നിന്നും പന്തിനെ അടിച്ച് പറത്തി വിടുന്ന ഹോലികോപ്റ്റര്‍ ഷോട്ട് അനുകരിക്കാന്‍ പിന്നീട് പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ധോണി ആ ഷോട്ടിലേക്ക് കൊണ്ടു വരുന്ന സൗന്ദര്യവും കരുത്തും ആര്‍ക്കും അനുകരിക്കാനാകാത്തത് തന്നെയാണ്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍.

ക്രിക്കറ്റ് ടൂട്ടോറിയലിന് വേണ്ടിയാണ് മാക്‌സ്‌വെല്‍ ധോണിയുടെ ഷോട്ട് അനുകരിച്ചത്. ഇന്ത്യയ്‌ക്കെതിരായ കളിയില്‍ ധോണിയുടെ ക്യാച്ച് താന്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഈ ഷോട്ടിലൂടെ ഫോക്‌നറെ മുന്‍ ഇന്ത്യന്‍ നായകന്‍ അതിര്‍ത്തി കടത്തിയതും മാക്‌സ്‌വെല്‍ വീഡിയോയില്‍ ഓര്‍ത്തെടുക്കുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനേയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനേയുമെല്ലാം ഇതേപോലെ അനുകരിച്ച് തെളിയിച്ചിട്ടുള്ള താരമാണ് മാക്‌സി. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ കഴിയാതിരുന്ന രണ്ടു പേരും ഏകദിന പരമ്പരയില്‍ ടീമുകളിലേക്ക് മടങ്ങിയെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ