എതിരാളികളെ ബാറ്റ് കൊണ്ട് ഛിന്നഭിന്നമാക്കുന്ന ഓസീസ് ബാറ്റ്‌സ്‌മാനാണ് മാത്യു ഹെയ്‌ഡൻ. ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ ബാറ്റ്‌സ്‌മാൻ ആയ ഹെയ്‌ഡൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നെെ സൂപ്പർ കിങ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരം ഇപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ചെന്നെെ സൂപ്പർ കിങ്‌സ് നായകനായ ധോണിക്ക് ഇഷ്‌ടമില്ലാത്ത ഒരു കാര്യം താൻ ചെയ്‌തു എന്നാണ് ഹെയ്‌ഡൻ പറയുന്നത്. ധോണി അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഹെയ്‌ഡൻ നിലപാട് മാറ്റിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്.
മങ്കൂസ് ബാറ്റ് ഉപയോഗിച്ചിട്ടുള്ള താരമാണ് ഹെയ്‌ഡൻ. സാധാരണ ബാറ്റിൽ നിന്ന് മങ്കൂസ് ബാറ്റിന് ഏറെ വ്യത്യാസങ്ങളുണ്ട്. 2010 ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കുമ്പോൾ ആണ് ഹെയ്‌ഡൻ മങ്കൂസ് ബാറ്റുമായി കളത്തിലിറങ്ങുന്നത്. താരതമ്യേന മങ്കൂസ് ബാറ്റിന് കനം കുറവാണ്. മാത്രമല്ല, ബാറ്റിന്റെ പിടിയുടെ വലിപ്പം സാധാരണ ബാറ്റിൽ നിന്ന് കൂടുതലാണ്. എന്നാൽ, താൻ മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നത് ധോണിക്ക് താൽപര്യമില്ലായിരുന്നു എന്ന് ഹെയ്‌ഡൻ വെളിപ്പെടുത്തി. തന്നോട് ഇതേ കുറിച്ച് ധോണി പറഞ്ഞതിനെ കുറിച്ചും ഹെയ്‌ഡൻ പങ്കുവച്ചു. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഹെയ്‌ഡൻ മങ്കൂസ് ബാറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്.
Read Also: പതിനാല് മക്കളിൽ പതിനൊന്നു പേരെയും നഷ്‌ടപ്പെട്ട കല്യാണിയുടെ ഇളയ മകനാണ് ഞാൻ
“മങ്കൂസ് ബാറ്റ് ഉപയോഗിക്കരുതെന്ന് എന്നോട് ധോണി ആവശ്യപ്പെട്ടു. ‘ഞാൻ നിനക്ക് എന്തുവേണമെങ്കിലും തരാം. നിന്റെ ജീവിതത്തിൽ നീ ആഗ്രഹിക്കുന്ന എന്തും..പക്ഷേ, നീ ഇത് (മങ്കൂസ് ബാറ്റ്) ഉപയോഗിക്കരുത്’ എന്നാണ് ധോണി ആ സമയത്ത് എന്നോട് പറഞ്ഞത്. ആ ബാറ്റ് ഉപയോഗിച്ച് നന്നായി സ്‌കോർ ചെയ്യാൻ പറ്റില്ല എന്ന ഭയമായിരുന്നു അദ്ദേഹത്തിന്. എന്നാൽ, ആ ബാറ്റിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. മങ്കൂസ് ഉപയോഗിച്ച് നന്നായി സ്‌കോർ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം എനിക്കുള്ളതായി ധോണിയെ പറഞ്ഞു മനസിലാക്കി. ബാറ്റിനു നല്ല പവർ ഉണ്ടെന്നും ഒന്നര വർഷത്തോളമായി ഇതുവച്ച് ഞാൻ പരിശീലനം നടത്തുന്നുണ്ടെന്നും ധോണിയോട് ഞാൻ പറഞ്ഞു. അങ്ങനെ ഒടുവിൽ ഞാൻ ആ ബാറ്റ് ഉപയോഗിച്ചു. ഐപിഎല്ലിൽ ആ ബാറ്റ് ഉപയോഗിച്ച് നന്നായി സ്‌കോർ ചെയ്യാനും സാധിച്ചു.” ഹെയ്‌ഡൻ പറഞ്ഞു.
മങ്കൂസ് ബാറ്റ് ഉപയോഗിച്ചാണ് ഡൽഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിൽ ഹെയ്‌ഡൻ 43 പന്തിൽ 93 റൺസ് അടിച്ചെടുത്തത്. ഒൻപതു ഫോറും ഏഴു സിക്‌സും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. 2010 സീസണിൽ ഹെയ്‌ഡൻ 346 റൺസ് നേടി.