സിഡ്നി: പന്ത് ചുരണ്ട വിവാദത്തിൽ ഒരു മൽസരത്തിൽ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന് പകരം പുതിയെ താരത്തെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. ഇടങ്കയ്യൻ ബാറ്റ്സ്മാൻ മാറ്റ് റെൻഷോയെയാണ് ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് മൽസരത്തിൽ മാറ്റ് റെൻഷോ കളിക്കുമെന്നാണ് സൂചന.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് മാറ്റ് റെൻഷോ. ഇന്ത്യൻ പര്യടനത്തിൽ ഡേവിഡ് വാർണറിനൊപ്പം ഓപ്പൺ ചെയ്തത് ഈ ഇടങ്കയ്യൻ ബാറ്റ്സ്മാനായിരുന്നു. ഇന്ന് വൈകിട്ട് തന്നെ റെൻഷോ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓസ്ട്രേലിയൻ ആഭ്യന്തര ലീഗ് മൽസരത്തിൽ കളിക്കുന്നതിനിടെയാണ് റെൻഷോയെ ടീമിലേക്ക് വിളിക്കുന്നത്.
പന്ത് ചുരണ്ട വിവാദത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. പരിശീലകൻ ഡാരൻ ലീമാൻ ഉടൻ രാജിവയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഐസിസി നടപടി സ്വീകരിച്ചെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. തെളിവെടുപ്പിനായി 2 ക്രിക്കറ്റ് ബോർഡ് അംഗങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയിട്ടുണ്ട്.
സ്മിത്തിനേയും ഡേവിഡ് വാർണറേയും ആജീവനാന്തകാലത്തേക്ക് വിലക്കുമെന്നാണ് സൂചന. ക്രിക്കറ്റ് ദേശീയ കായിക വിനോദമായ ഓസ്ട്രേലിയക്ക് നാണക്കേട് ഉണ്ടാക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.