മുംബൈ: ക്യാപ്റ്റൻ കൂൾ അരങ്ങുതകർത്ത മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രഭരാക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ വിജയം നേടിയത്. അർദ്ധശതകം നേടിയ ധോണി തന്റെ വെടിക്കെട്ട് ബാറ്റിംഗിലേക്ക് മടങ്ങിയെത്തിയതോടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കെല്ലാം ആവേശം വാനോളമായി.

ഇന്നലത്തെ പ്രകടനത്തോടെ പഴയ ധോണിയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് ലോകമാകെ. 34 പന്തിൽ ഏഴ് സിക്സറുകളുടെ അകമ്പടിയോടെ 70 റൺസ് നേടിയ ധോണി ആകെ അടിച്ചത് ഒരു ഫോർ മാത്രം. ധോണിയുടെ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്നലെ ചെന്നൈയ്ക്ക് പടുകൂറ്റൻ സ്കോർ പിന്തുടരാൻ ശക്തിയായതും.

ഇതോടെ താരത്തെ പ്രകീർത്തിച്ച് പലരും രംഗത്തെത്തിയിരുന്നു. ഐപിഎല്ലിന്റെ കമന്റേറ്ററായി ഇപ്പോൾ ഇന്ത്യയിലുളള മുൻ ഓസീസ് ബാറ്റ്സ്‌മാനും ഇതിഹാസ താരവുമായ മാത്യു ഹെയ്‌ഡൻ, ക്രിക്കറ്റിന്റെ കൊടുമുടിയിലാണ് ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

2008 മുതൽ 2010 വരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായിരുന്നു മാത്യു ഹെയ്‌ഡൻ. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ത്രസിപ്പിക്കുന്ന വിജയം കണ്ട് സന്തോഷത്താൽ മതിമറന്നുപോയി അദ്ദേഹം. ധോണിയെ ക്രിക്കറ്റിന്റെ യൂണിവേഴ്‌സൽ ബോസ് എന്ന് വിശേഷിപ്പിച്ച ഹെയ്‌ഡൻ ചെന്നൈയുടെ വിജയത്തിന് ചുക്കാൻ പിടിച്ച അമ്പാട്ടി റായ്‌ഡുവിനെ മിസ്റ്റർ ഐസ്‌മാൻ എന്ന അലങ്കാരമാണ് നൽകിയത്.

നേരിട്ട 53 പന്തിൽ നിന്ന് 82 റൺസ് നേടിയ അമ്പാട്ടി റായ്‌ഡു, ധോണിക്കൊപ്പം നിർണ്ണായകമായ 101 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയ 205 റൺസ്, രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. ധോണി തന്റെ സ്ഥിരം സ്റ്റൈലിൽ സിക്‌സറടിച്ചാണ് കളി അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ