Latest News

ഐഎസ്എൽ; നോർത്ത് ഈസ്റ്റിനുമുന്നിൽ അടിതെറ്റി കൊൽക്കത്ത

89-ാം മിനിറ്റിൽ യുവതാരം റൌളിൻ ബോർഗസ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് കരുത്തരായ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. 89-ാം മിനിറ്റിൽ യുവതാരം റൌളിൻ ബോർഗസ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് വിജയമൊരുക്കിയത്. തങ്ങളുടെ രണ്ടാം ഹോം മത്സരത്തിലും പരാജയപ്പെടുകയായിരുന്നു കോപ്പലാശാനും പിള്ളാരും.

തുടക്കം മുതൽ പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 32-ാം മിനിറ്റിൽ രണ്ടാമതും യെല്ലോ കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തു പോവുകയായിരുന്നു. മത്സരത്തിലാകെ അഞ്ച് തവണയാണ് റഫറി മഞ്ഞ കാർഡ് പുറത്തെടുത്തത്. ആകെ 24 ഫൌളുകളും.

റാൾട്ടെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ കൊൽക്കത്ത പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. കളിയുടെ പൂർണ്ണ ആധിപത്യം നോർത്ത് ഈസ്റ്റിന് തന്നെയായിരുന്നു.കളിയുടെ 76 ശതമാനം സമയവും പന്ത് കൈയ്യടക്കി വെച്ച നോർത്ത് ഈസ്റ്റ് നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ കളിയുടെ അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വന്നു അവർക്ക് ലക്ഷ്യത്തിലെത്താൻ.

ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയുടെ രണ്ടാം പരാജയമാണിത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റാകട്ടെ ഗോവക്കെതിരെ രണ്ട് ഗോളിന്റെ സമനിലയും വഴങ്ങിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Match summary northeast united vs atk

Next Story
ഐ.എസ്.എൽ: പരുക്കൻ അടവുകളുമായി കൊൽക്കത്തയും നോർത്ത് ഈസ്റ്റും; ആദ്യ പകുതി ഗോൾ രഹിതം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express