ബാറ്റ്സ്മാന്മാരുടെ പുറത്താകൽ വീഡിയോ വൈറലായതോടെ യുഎഇയിൽ നടന്ന ടി20 ടൂർണമെന്റിനെതിരെ ഐസിസി അന്വേഷണം ആരംഭിച്ചു. ഒറ്റനോട്ടത്തിൽ തന്നെ ഒത്തുകളി സംശയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ മൽസരത്തിന്റെ വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു.

അജ്‌മൻ ഓൾ സ്റ്റാർസ് ടി20 ലീഗിനെതിരെയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൽസരത്തിൽ ബാറ്റ്സ്മാന്മാർ ഒന്നിനു പുറകെ ഒന്നായി റണ്ണൗട്ടായതാണ് ഒത്തുകളിയാണോയെന്ന സംശയം ഉയർത്തിയത്.

നിയോ സ്പോർട്സ് ഈ ടൂർണമെന്റ് തൽസമയം പ്രദർശിപ്പിച്ചിരുന്നു. അബുദാബി സ്റ്റാർസ്, അജ്മൻ ടൈഗർ, ദുബായ് ബുൾസ്, ഷാർജ വാരിയേഴ്സ് എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്. ഇതിൽ ഷാർജ വാരിയേഴ്സും ദുബായ് ബുൾസും തമ്മിലുളള മൽസരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ദുബായ് ബുൾസിന്റെ ബാറ്റ്സ്മാന്മാരാണ് ഒന്നിന് പുറകേ ഒന്നായി കൂടാരം കയറിയത്.

ബാറ്റ്സ്മാന്മാർ റൺസ് നേടുന്നതിന് വേണ്ടിയല്ല, മനഃപ്പൂർവ്വം റണ്ണൗട്ടാകാൻ വേണ്ടിയാണ് ഓടിയതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ഐസിസി ആന്റി കറപ്ഷൻ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യം ജനറൽ മാനേജർ അലക്സ് മാർഷൽ വ്യക്തമാക്കി.

ഒത്തുകളിയെ കുറിച്ച് എന്തെങ്കിലും വിവരമുളളവർക്ക് ഇത് contactacu@icc-cricket.com എന്ന വെബ്സൈറ്റ് വഴി അറിയിക്കാവുന്നതാണ്. സംഭവം തെളിഞ്ഞാൽ മൽസരത്തിന്റെ സംഘാടകർക്കും കളിക്കാർക്കും എല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികൾ ഐസിസി സ്വീകരിച്ചേക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ