ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കളിച്ച മൂന്ന് ടെസ്റ്റ് മൽസരങ്ങൾ ഒത്തുകളിയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട്. മുൻ മുംബൈ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിൻ മോറിസ് ഇടനിലക്കാരനായാണ് മൽസരം ഒത്തുകളിച്ചതെന്നാണ് വിവരം. അതേസമയം, ഇന്ത്യൻ ടീമിലെ താരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ ശ്രീലങ്കയിൽ നടന്ന മൽസരങ്ങളിൽ മൈതാന സൂക്ഷിപ്പുകാരെ വശത്താക്കിയാണ് ഒത്തുകളി നടന്നതെന്നാണ് വിവരം.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ ഏജൻസി ഉദ്യോഗസ്ഥൻ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നിവരുടെ നേതൃത്വത്തിലാണ് ഒത്തുകളി നടന്നത്. മൈതാനത്തിന്റെ ക്യൂറേറ്റർമാരെ പണം നൽകി ചാക്കിലാക്കിയാണ് മൽസരം തങ്ങളുടെ വരുതിയിലേക്ക് ഈ സംഘം മാറ്റിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്.

എന്നാൽ പാക്കിസ്ഥാന്റെ ഏറ്റവും പ്രായം കുറഞ്ഞ താരം ഹസൻ റാസ, ശ്രീലങ്കൻ താരങ്ങളായ ദിൽഹര ലോകുഹെട്ടിഗെ, ജീവന്ത കുലതുംഗ, തരിന്തു മെന്റിസ് എന്നിവർ സംശയത്തിന്റെ നിഴലിലാണ്.

2016 ഓഗസ്റ്റിലാണ് ഓസ്ട്രേലിയ രണ്ടര ദിവസം കൊണ്ട് തോൽവി വഴങ്ങിയ മൽസരവും 2017 ജൂലൈയിൽ ഇന്ത്യ 600 ലേറെ റൺസ് നേടിയ മൽസരവും നടന്നത്, ആരോപണ വിധേയനായ തരംഗ ഇന്റിക്കയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗാലെ മൈതാനത്ത് വച്ചാണ്.

ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് (ഡിസംബർ16-20), ഇന്ത്യ-ഓസീസ് ടെസ്റ്റ് (2017 മാർച്ച് 16-20), ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് (2017 ജൂലൈ 26-29) എന്നിവയാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലുളള ഇന്ത്യ കളിച്ച മൽസരങ്ങൾ. ഒത്തുകളി ഇടനിലക്കാരുടെ താത്പര്യാർത്ഥം ചില സെഷനുകളിൽ താരങ്ങൾ ഒത്തുകളിച്ചെന്നാണ് സ്റ്റിങ് ഓപ്പറേഷനിൽ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.

റാഞ്ചിയിൽ നടന്ന മൽസരത്തിൽ രണ്ട് ഓസീസ് താരങ്ങൾ ഉൾപ്പെട്ടുവെന്നും ചെന്നൈയിൽ നടന്ന മൽസരത്തിൽ മൂന്ന് ഇംഗ്ലീഷ് താരങ്ങൾ ഉൾപ്പെട്ടുവെന്നുമാണ് ആരോപണം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആരോപണം നിഷേധിച്ചെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ