മുംബൈ: രാജ്യത്തെ ആഭ്യന്തര ടി20 ക്രിക്കറ്റ് ലീഗ് വാതുവയ്‌പിന്റെ കരിനിഴലില്‍. സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബിസിസിഐയുടെ അഴിതിവിരുദ്ധ യൂണിറ്റ് (എസിയു) ഇത്തരം ലീഗുകള്‍ നിര്‍ത്തുന്നതു പരിഗണിക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗി(ടിഎന്‍പിഎല്‍)ല്‍ ഈ വര്‍ഷം ടൂട്ടി പാട്രിയറ്റ്‌സും മധുര പാന്തേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ 225 കോടി രൂപയുടെ വാതുവയ്‌പ് നടന്നതായാണ് എസിയുവിന്റെ കണ്ടെത്തല്‍. രാജ്യാന്തര വെബ്‌സൈറ്റായ ബെറ്റ്‌ഫെയറിലാണു വാതുവയ്പ് നടന്നത്. ഇതുസംബന്ധിച്ച എസിയുവിന്റെ രഹസ്യ റിപ്പോര്‍ട്ട് ബിസിസിഐക്കു കൈമാറി.

ആഭ്യന്തര ലീഗില്‍ അസാധാരണമായ തുകയ്ക്കു വാതുവയ്‌പ് നടക്കുന്നതില്‍ ബെറ്റ്‌ഫെയര്‍ അസ്വസ്ഥരാണ്. ടൂട്ടി പാട്രിയറ്റ്‌സ് ഉള്‍പ്പെടുന്ന മത്സരങ്ങളില്‍ വാതുവയ്‌പ് സ്വീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ബെറ്റ്‌ഫെയര്‍ ആലോചിക്കുന്നതായാണു വിവരം. ലോകത്തെമ്പാടുമുള്ള ടി20 ലീഗുകളിലെ ടീമുകളെ നിരീക്ഷിക്കുന്ന രണ്ടു ഗവേഷണ കമ്പനികളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസിയുവിന്റെ കണ്ടെത്തല്‍. സംഭവത്തെക്കുറിച്ച് എസിയു മേധാവി അജിത് സിങ്ങിന്റെ പ്രതികരണത്തിന് ഇന്ത്യന്‍ എക്‌സ്പ്രസിനു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

ടിഎന്‍പിഎല്ലിലെ രണ്ടു ഫാഞ്ച്രൈസികളെ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ച്രൈസിയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നാണു പിന്നീട് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ) അറിയിച്ചത്. ടൂട്ടി പാട്രിയറ്റ്‌സിന്റെ രണ്ടു സഹ ഉടമകളെ ടിഎന്‍സിഎയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയതായി അധികൃതര്‍ പറഞ്ഞു.

ടിഎന്‍പിഎല്ലില്‍ വ്യാപകമായ അഴിമതി കണ്ടെത്തിയ എസിയുവിന്റെ അന്വേഷണത്തില്‍ ഒരു ഇന്ത്യന്‍ താരം, ഒരു ഐപിഎല്‍ താരം, ഒരു രഞ്ജി ട്രോഫി കോച്ച് ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയതായി സെപ്റ്റംബറില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടീം ഉടമയുമായുള്ള നിയമവിരുദ്ധ ഇടപാടിലൂടെ ഫ്രാഞ്ചൈസി നിയന്ത്രണം ഏറ്റെടുക്കുന്ന വാതുവയ്പുകാര്‍ ‘വാതുവയ്‌പില്‍ നേട്ടമുണ്ടാക്കുന്ന തരത്തില്‍ ടീമിനെ പ്രവര്‍ത്തിപ്പിക്കുകയാണെ’ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

പ്രീമിയര്‍ ദേശീയ ടി20 ടൂര്‍ണമെന്റിന്റെ പുതിയ പതിപ്പിനിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുത്ത ഒരു കളിക്കാരനെയെങ്കിലും വാതുവയ്‌പുകാര്‍ സമീപിച്ചതായി ഗാംഗുലി പറഞ്ഞിരുന്നു. കര്‍ണാടക പ്രീമിയര്‍ ലീഗ് (കെപിഎല്‍) നിര്‍ത്തിവച്ചിരിക്കുകയാണെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുകയുണ്ടായി.

കെപിഎല്ലിലെ അഴിമതി, സ്പോട്ട് ഫിക്‌സിങ് എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക ക്യാപ്റ്റന്‍ സിഎം ഗൗതം, ബലഗാവി പാന്തേഴ്‌സ് ഉടമ അസ്ഫക് അലി എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരെ ബെംഗളുരു ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിവിധ ടി 20 ലീഗുകളില്‍ അഴിമതി വര്‍ധിച്ചതോടെ ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ എസിയുവും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തിരക്കിലാണ്.ടി 20 മുംബൈ ലീഗില്‍ സ്പോട്ട് ഫിക്‌സിങ്ങില്‍ ഏര്‍പ്പെടാന്‍ ഒരു മുംബൈ കളിക്കാരനെ ടീം ഉടമ സമീപിച്ചുവെന്ന വെളിപ്പെടുത്തലും എസിയു അന്വേഷിക്കുന്നുണ്ട്. മാച്ച് ഫിക്‌സിങ് തടയാന്‍ നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് എസിയു മേധാവിയായ അജിത് സിങ് മുന്‍പ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook