സിഡ്‌നി: വിന്‍ഡിസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ല്‍ ജനനേന്ദ്രിയം കാണിച്ചാണ് തന്നെ അപമാനിച്ചതെന്ന് ഓസ്ട്രേലിയന്‍ മസാജ് തെറാപ്പിസ്റ്റ് കോടതിയില്‍ വ്യക്തമാക്കി. തന്നോട് ഇപ്രകാരം പെരുമാറിയപ്പോള്‍ നിയന്ത്രണം വിട്ട് താന്‍ പൊട്ടിക്കരഞ്ഞുവെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സിനെതിരെ ഗെയ്ല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിന്റെ വാദത്തിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

2015ലെ ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ സിഡ്‌നിയിൽവച്ച് ഓസ്‌ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രചരിപ്പിച്ചത് ഫെയര്‍ഫാക്‌സ് ആണെന്നും ആരോപിച്ചായിരുന്നു ഗെയ്ല്‍ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു മാധ്യമം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേസില്‍ വാദം ആരംഭിച്ച തിങ്കളാഴ്ച ഗെയ്ല്‍ ആരോപണം നിഷേധിച്ചു. മാധ്യമസ്ഥാപനം തന്നെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്ന് ഗെയ്ല്‍ കോടതിയെ അറിയിച്ചു. സംഭവ സമയത്ത് ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന സഹതാരം ഡ്വൈന്‍ സ്മിത്തും കോടതിയില്‍ ഹാജരായി യുവതിയുടെ ആരോപണം നിഷേധിച്ചു.

സിഡ്‌നിയില്‍ ഡ്രെസിങ് റൂമിൽവച്ച് നഗ്നതകാട്ടി ഗെയ്ല്‍ അപമാനിച്ചുവെന്നാണ് യുവതി ആരോപിച്ചത്. ഇത് ഫെയര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗെയ്‌ലിന് 10,000 ഡോളര്‍ പിഴയും ഒടുക്കേണ്ടിയും വന്നിരുന്നു. നിയമസാധുതകള്‍ തേടിയതിന് ശേഷമാണ് ഗെയ്ല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook