ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് മഷ്റഫി മൊർത്താസ. ടീമിന്റെ നായകനായും മുൻനിര ബോളറായും തിളങ്ങിയ മൊർത്താസ തന്റെ പ്രകടനം കൊണ്ട് വീണ്ടും ലോകക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ്. ധാക്ക പ്രിമിയർ ലീഗിലെ മൽസരത്തിനിടെയാണ് മഷ്റഫി മൊർത്താസ ഓരോവറിൽ ഹാട്രിക്ക് ഉൾപ്പടെ 4 വിക്കറ്റുകൾ വീഴ്ത്തി തന്റെ ടീമിന് വിജയം സമ്മാനിച്ചത്.

ധാക്ക പ്രിമിയർ ലീഗിലെ അബ്ഹാനി ലിമിറ്റഡ് Vs അഗ്രാനി ബാങ്ക് മൽസരത്തിനിടെയാണ് മൊർത്താസയുടെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത മൊർത്താസയുടെ ടീം അബ്ഹാനി ലിമിറ്റഡ് 50 ഓവറിൽ 290/6 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഗ്രാനി ബാങ്ക് മികച്ച പ്രകടനത്തിലൂടെ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. 4 വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ 13 റൺസ് മാത്രമാണ് അഗ്രാനിക്ക് വിജയിക്കാൻ ആവശ്യമായിരുന്നത്.

എന്നാൽ അവസാന ഓവറിൽ പന്തെടുത്ത മൊർത്താസ എതിർ ടീമിന്റെ പ്രതീക്ഷകളെ തകർക്കുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ 1 റൺസ് വിട്ട് കൊടുത്ത മൊർത്താസ പിന്നീടുളള നാല് പന്തുകളിലും എതിരാളികളുടെ വിക്കറ്റ് തെറുപ്പിക്കുകയായിരുന്നു. 27 പന്തിൽ 46 റൺസ് എടുത്ത ദിമൻ ഘോഷ്, അബ്ദുർ റസാഖ്, ഷെയിഫുൾ ഇസ്ലാം, ഫാസിൽ റബ്ബി എന്നിവരുടെ വിക്കറ്റുകളാണ് മൊർത്താസ വീഴ്ത്തിയത്.

മൊർത്താസയുടെ ത്രസിപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിൽ 11 റൺസിനാണ് അബ്ഹാനി ലിമിറ്റഡ് ബാങ്ക് ടീം വിജയിച്ചത്. 9.5 ഓവർ പന്തെറിഞ്ഞ മൊർത്താസ 44 റൺസ് വിട്ട്കൊടുത്ത് 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. സമ്മർദ്ദ ഘട്ടത്തിൽ ടീമിന് വിജയം സമ്മാനിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മൊർത്താസ മൽസരശേഷം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ