ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. മാസ്‌ക് ധരിച്ചായിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യയെ നേരിടാനുള്ള പരിശീലനം നടത്തിയതെല്ലാം. സമീപകാലത്തെ ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് ഡല്‍ഹി കടന്നു പോകുന്നത്. സ്‌കൂളുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ വായു മലിനീകരണത്തെ കുറിച്ച് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മ്മ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ രോഹിത്തിനോട് ഡല്‍ഹിയിലെ വായുവിനെ കുറിച്ച് ആരാഞ്ഞത്. എന്നാല്‍ ഇതിന് മറുപടി പറയേണ്ടതിന് പകരം തമാശ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു രോഹിത്. പത്രസമ്മേളനങ്ങളില്‍ പൊതുവെ പുലര്‍ത്താറുള്ള തന്റെ തമാശ മൂഡിലായിരുന്നു രോഹിത്തിന്റെ പ്രതികരണം.” നിങ്ങള്‍ക്ക് വേണ്ടത് മസാലയാണ്, പക്ഷെ ഞാന്‍ തരില്ല” എന്നായിരുന്നു രോഹിത്തിന്റെ മറുപടി.

ഇന്ന് രോഹിത്തിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോര്‍ഡുകളാണ്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് അതില്‍ ആദ്യത്തേത്. 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുന്‍ നായകന്‍ എം.എസ്.ധോണിയെയാണ് രോഹിത് ഇന്ന് മറികടക്കുക. ഇതോടൊപ്പം ഏറ്റവും കൂടുതല്‍ ടി20 കളിച്ച ലോകത്തിലെ രണ്ടാമത്തെ താരവുമായി രോഹിത് മാറും. മുന്നിലുണ്ടാവുക പാക്കിസ്ഥാന്റെ ഇതിഹാസ താരം ഷൊയ്ബ് മാലിക്ക് മാത്രമാണ്. 111 ടി20 കളാണ് മാലിക്ക് കളിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദിയുടെ ഒപ്പമെത്തും രോഹിത്.

മറ്റൊരു റെക്കോര്‍ഡില്‍ നായകന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. ടി20യിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമത് എത്താന്‍ രോഹിത്തിന് ഇനി വേണ്ടത് വെറും എട്ട് റണ്‍സാണ്. നിലവില്‍ കോഹ്ലിയുടെ അക്കൗണ്ടില്‍ 2450 റണ്‍സും രോഹിത്തിന്റെ പേരില്‍ 2443 റണ്‍സുമാണുള്ളത്.

ഡല്‍ഹിയിലെ പുകമഞ്ഞില്‍ ജയം മാത്രം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7നാണ് മത്സരം. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് നായകന്‍ രോഹിത് ശര്‍മ്മയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും ആവര്‍ത്തിച്ചതോടെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook