മെൽബൺ: കോമൺവെൽത്ത് ഗെയിംസിലെ ബോക്സിങ് വേദിയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. 45-48 കിലോഗ്രാം വനിത ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 18 ആയി. ഇതാദ്യമായാണ് മേരി കോം കോമൺവെൽത്ത് ഗെയിംസിൽ മൽസരിച്ചത്.
നോർത്തേൺ അയർലന്റിന്റെ 21 കാരിയായ ബോക്സർ ക്രിസ്റ്റീന ഒഹാരയായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാൽ 4-0 സ്കോറിന് വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
ഉയരത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ഒഹാര, മേരി കോമിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചിരുന്നു. ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നി മൽസരിച്ച മേരി കോം എതിരാളിയുടെ ക്ഷമയെ കീഴ്പ്പെടുത്തി. രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റമാണ് ഇന്ത്യൻ താരം കാഴ്ചവച്ചത്. ഇതോടെയാണ് ഇന്ത്യക്ക് 18-ാം മെഡൽ നേടാനായത്.