ന്യൂഡല്‍ഹി: റിങ്ങില്‍ എതിരാളികളെ ഇടിച്ചിടാന്‍ മാത്രമല്ല, പാട്ടുപാടി ആളുകളെ മയക്കാനും തനിക്കാകുമെന്ന് തെളിയിച്ച് ഇതിഹാസ ബോക്‌സിങ് താരം മേരി കോം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നേടി നാട്ടില്‍ തിരികെ എത്തിയപ്പോള്‍ ലഭിച്ച ഒരു സ്വീകരണത്തിനിടെയായിരുന്നു താരം മൈക്ക് കൈയ്യിലെടുത്തത്.

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ ‘അജീബ് ദാസ്താന്‍’ എന്ന ഗാനമാണ് മേരി പാടിയത്. മേരി കോം എന്ന ബോക്‌സറെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് മേരി കോം എന്ന ഗായികയും ഇതോടെ. നിരവധി പേരാണ് പാട്ടുപാടുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

48 കിലോഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് മേരി സ്വര്‍ണം നേടിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ ആകെ മെഡലെണ്ണം ഏഴായി. ആറ് തവണ സ്വര്‍ണം നേടുന്ന ആദ്യ വനിതയാണ് മേരി കോം.

ആറാം സ്വര്‍ണത്തോടെ ലോക ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമെത്തി 35 കാരിയായ മേരി. ഒരു സ്വര്‍ണം കൂടി നേടാനായാല്‍ മേരി കോം മുന്നിലെത്തുകയും എഴ് സ്വര്‍ണം നേടുന്ന ആദ്യ താരവുമായി മാറും. 16 വര്‍ഷം മുന്‍പാണ് മേരി തന്റെ ആദ്യത്തെ കിരീടം നേടിയത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ മേരി 2010 ന് ശേഷം ആദ്യമാണ് കിരീടം ഉയര്‍ത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ