ജോർദാൻ: ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യയുടെ മേരി കോം. ഏഷ്യൻ ക്വാളിഫയേഴ്സിന്റെ സെമിയിൽ പ്രവേശിച്ചതോടെയാണ് മേരി കോം ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. 51 കിലോഗ്രാം വിഭാഗത്തിൽ ഫിലിപ്പീൻസിന്റെ ഇറിഷ് മാഗ്നോയെ തകർത്താണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. ഇതോടെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച ഇന്ത്യൻ ബോക്സർമാരുടെ എണ്ണം ഏഴായി.
മുപ്പത്തേഴുകാരിയായ ഇന്ത്യൻ താരം സെമിയിൽ ചൈനയുടെ യുവാൻ ചാങിനെ നേരിടും. 2012 ലണ്ടൻ ഒളിന്പിക്സിൽ മേരി കോം വെങ്കലം നേടിയിരുന്നു. ആറ് തവണ ലോക ചാംപ്യനായ മേരി കോം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്.
52 കിലോഗ്രാം പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പാംഘലും ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. യോഗ്യതാ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍, ഫിലിപ്പിന്‍സ് താരം കാര്‍ലോ പാലാമിനെ തോല്‍പ്പിച്ചാണ്(1-4)പാംഘല്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. ലോക ഒന്നാം നമ്പര്‍ താമായ അമിത് പാംഘല്‍, ആദ്യമായാണ് ഒളിംപിക്സിന് യോഗ്യത നേടുന്നത്.
അതേസമയം, വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ജൂനിയര്‍ ചാമ്പ്യനായ സാക്ഷി ചൗധരിക്ക് ഒളിംപിക്സിന് യോഗ്യത നേടാനായില്ല. കൊറിയൻ താരത്തോട് ക്വർട്ടറിൽ പരാജയപ്പെട്ടതാണ് പത്തൊമ്പതുകാരിക്ക് തിരിച്ചടിയായത്. എന്നാൽ താരത്തിന്റെ ഒളിമ്പിക് സാധ്യതകൾ ഇനിയും ബാക്കിയാണ്. മെയിൽ നടക്കുന്ന ലോക യോഗ്യതാ പോരാട്ടത്തില്‍ ജയിച്ചാല്‍ സാക്ഷിക്ക് ഒളിംപിക്സ് യോഗ്യത നേടാന്‍ സാധിക്കും.