ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് മേരി കോം സ്വർണ്ണപോരാട്ടത്തിനിറങ്ങുന്നത്.
ലോക ചാമ്പ്യൻഷിപ്പിൽ തന്റെ ഏഴാം മെഡലാണ് മേരി കോം ഇതോടെ ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ആറ് മെഡലുകൾ ലോകചാമ്പ്യൻഷിപ്പിൽ നേടിയിട്ടുള്ള മേരി കോമിന്റെ സമ്പാദ്യത്തിൽ അഞ്ചും സ്വർണ്ണമായിരുന്നു. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യൻഷിപ്പുകളിൽ അഞ്ച് സ്വർണ്ണം നേടി.
ലോകചാമ്പ്യൻഷിപ്പിലെ ആറാം സ്വർണ്ണമാണ് മേരി കോം ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് സ്വർണ്ണം തന്നെയുള്ള അയർലൻഡ് താരം ക്യാറ്റി ടെയ്ലറുമായി മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ് മണിപൂരി താരം. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജയിക്കാനായാൽ മേരി കോം പട്ടികയിൽ മുന്നിലെത്തും.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി കോം വെങ്കലം നേടിയിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ 35 കാരി ഇന്ത്യൻ താരത്തിൽ നിന്ന് സ്വർണ്ണം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.