ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം സെമിഫൈനലില്‍. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. ചൈനീസ് താരം യു വുവിനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് മേരി കോം സെമിബെർത്ത് ഉറപ്പിച്ചത്.
ഉത്തര കൊറിയയുടെ കിം ഹയാങ്ങിനെയാണ് സെമിയില്‍ മേരി കോം നേരിടുക. കഴിഞ്ഞ എഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം കിം ഹയാങ്ങിനെ പരാജയപ്പെടുത്തിയിരുന്നു.
ലോക ചാമ്പ്യൻഷിപ്പിൽ തന്റെ ഏഴാം മെഡലാണ് മേരി കോം ഇതോടെ ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ആറ് മെഡലുകൾ ലോകചാമ്പ്യൻഷിപ്പിൽ നേടിയിട്ടുള്ള മേരി കോമിന്റെ സമ്പാദ്യത്തിൽ അഞ്ചും സ്വർണ്ണമായിരുന്നു. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യൻഷിപ്പുകളിൽ അഞ്ച് സ്വർണ്ണം നേടി.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി കോം വെങ്കലം നേടിയിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ 35 കാരി ഇന്ത്യൻ താരത്തിൽ നിന്ന് സ്വർണ്ണം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.