ന്യൂഡൽഹി: ഒളിമ്പിക്‌സ് യോഗ്യതാ ട്രയല്‍സ് ഫൈനലില്‍ നിഖാത് സരീനിനെ കീഴടക്കി ലോക വനിതാ ബോക്സിങ് ചാംപ്യൻ മേരി കോം. 51 കിലോ വിഭാഗത്തിൽ 9-1 നാണ് മുന്‍ ജൂനിയര്‍ ലോക ചാംപ്യൻ നിഖാത് സരീനിനെ മേരി കോം പരാജയപ്പെടുത്തിയത്.
ജയത്തോടെ അടുത്ത വർഷത്തെ ഒളിമ്പിക്സ് ക്വാളിഫയർ മത്സരങ്ങളിലേക്ക് യോഗ്യത നേടാൻ, ആറു തവണ ലോക ചാംപ്യനായ മേരിയ്ക്കായി. മത്സരശേഷം നിഖാത്തിന് കൈ കൊടുക്കാൻ മേരി കോം വിസമ്മതിച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്സ് യോഗ്യതക്കായി ഫെബ്രുവരി മൂന്നു മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഏഷ്യ-ഓഷ്യാനിക് യോഗ്യതാ മത്സരങ്ങളിൽ മണിപ്പൂർ ബോക്‌സർ പോരാടും.
Read Also: ടിക്കറ്റ് ടു ടോക്കിയോ; നായികയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത
പ്രസിഡന്റ് ഉൾപ്പെടെയുള്ള തെലങ്കാന ബോക്സിങ് ഫെഡറേഷൻ ഭാരവാഹികളും ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായതും മത്സരത്തെ ബാധിച്ചു.
മറ്റ് മത്സരങ്ങളിൽ സാക്ഷി ചൗധരി സോണിയ ലെതറിനെ പരാജയപ്പെടുത്തി 57 കിലോഗ്രാം വിഭാഗത്തിലെ ഒളിമ്പിക് ക്വാളിഫയറിലേക്ക് യോഗ്യത നേടിയപ്പോൾ 60 കിലോഗ്രാം ബോക്സിംഗ് ട്രയലിൽ സരിതാദേവി സിമരഞ്ജിത്തിനോട് പരാജയം ഏറ്റുവാങ്ങി.