scorecardresearch
Latest News

ഇടികൂട്ടിൽ സ്വർണ്ണ പഞ്ചിന് മേരിയും സോണിയയും

ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്നത്

ഇടികൂട്ടിൽ സ്വർണ്ണ പഞ്ചിന് മേരിയും സോണിയയും

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിനും സോണിയ ചാഹലിനും ഇന്ന് സ്വർണ്ണ പോരാട്ടം. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. 57 കിലോഗ്രാം വിഭാഗത്തിലാണ് സോണിയ ഫൈനൽ പോരാട്ടത്തിന് ഒരുങ്ങുന്നത്.

ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് മേരി കോം സ്വർണ്ണപോരാട്ടത്തിനിറങ്ങുന്നത്. ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവുമായി വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സോണിയും വിജയിച്ചതോടെയാണ് ഇന്ത്യൻ സ്വർണ്ണപ്രതീക്ഷ രണ്ടായി ഉയർന്നത്.

ലോക ചാമ്പ്യൻഷിപ്പിൽ തന്റെ ഏഴാം മെഡലാണ് മേരി കോം ഇതോടെ ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ആറ് മെഡലുകൾ ലോകചാമ്പ്യൻഷിപ്പിൽ നേടിയിട്ടുള്ള മേരി കോമിന്റെ സമ്പാദ്യത്തിൽ അഞ്ചും സ്വർണ്ണമായിരുന്നു. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യൻഷിപ്പുകളിൽ അഞ്ച് സ്വർണ്ണം നേടി.

ലോകചാമ്പ്യൻഷിപ്പിലെ ആറാം സ്വർണ്ണമാണ് മേരി കോം ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് സ്വർണ്ണം തന്നെയുള്ള അയർലൻഡ് താരം ക്യാറ്റി ടെയ്ലറുമായി മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ് മണിപൂരി താരം. ഇന്ന് നടക്കുന്ന ഫൈനലിൽ ജയിക്കാനായാൽ മേരി കോം പട്ടികയിൽ മുന്നിലെത്തും.

സോണിയയുടെ ആദ്യ ലോകചാമ്പ്യൻഷിപ്പാണിത്. പെട്ടന്നുള്ള ആക്രമണവും ക്ലീൻ പഞ്ചുകളുമാണ് സോണിയ ചാഹലിന്റെ സവിശേഷത. ജർമ്മൻ താരമാണ് സോണിയയുടെ എതിരാളി. മേരി കോം നേരിടുക ഉക്രെയിൻ താരത്തെയുമാണ്. ഇരുവരും സ്വർണ്ണ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ബോക്സിങ് ആരാധകർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mary kom and sonia chahal in world championship final