പരുക്കിന്രെ പിടിയിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിൻ ഗുപ്റ്റിൽ നിറഞ്ഞാടിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഗുപ്റ്റിലിന്റെ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 280 റൺസ് വിജയലക്ഷ്യം 5 ഓവർ ബാക്കി നിൽക്കെ കിവികൾ മറികടക്കുകയായിരുന്നു. 138 പന്തിൽ നിന്ന് 11 സിക്സറുകളും 15 ഫോറുകളും അടക്കം 180 റൺസാണ് ഗുപ്റ്റിൽ സ്വന്തമാക്കിയത്. മാർട്ടിൻ ഗുപ്റ്റിൽ തന്നെയാണ് കളിയിലെ താരവും.

ന്യൂസിലൻഡിന് എതിരായ നാലാം​ ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സിന്റേയും ഫാഫ് ഡുപ്ലീസിയുടേയും മികവിലാണ് ദക്ഷിണാഫ്രിക്ക 279 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ ഓപ്പണർ ഡീൻ ബ്രൗൺലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു.​ എന്നാൽ മറുവശത്ത് എല്ലാം തച്ചുതകർക്കാനുള്ള ആവേശത്തിലായിരുന്നു ഗുപ്റ്റിൽ. റോസ് ടെയ്‌ലറെ കൂട്ട് പിടിച്ച് ഗുപ്റ്റിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു തകർത്തു. 11 സിക്സറുകളും 15 ഫോറുകളും അടക്കം 180 റൺസാണ് ഗുപ്റ്റിൽ നേടിയത്. 7 വിക്കറ്റുകളും 30 പന്തും ശേഷിക്കെയാണ് ന്യൂസിലൻഡ് വിജയം നേടിയത്.

ജയത്തോടെ 5 മത്സരങ്ങളുള്ള പരന്പര 2-2 എന്ന നിലയിൽ തുല്യതയിലായി. പരമ്പരയിലെ അവസാന മൽസരം മാർച്ച് നാലിന് നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ