35 പന്തില്‍ സെഞ്ചുറി തികച്ച് റെക്കോര്‍ഡ് നേടി ന്യൂസിലൻഡ് താരം മാര്‍ട്ടിന്‍ ഗുപ്തില്‍. ഇതോടെ വേഗതയേറിയ സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടം ഗുപ്തിലിന്റെ പേരിലായി. ഇംഗ്ലണ്ടിന്റെ ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ വോര്‍സെസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുന്ന അദ്ദേഹം 12 ഫോറുകളും 7 സിക്സുകളുമായാണ് 102 റണ്‍സ് നേടിയത്.

ഓപ്പണറായ ജോ ക്ലര്‍ക്കുമായി ചേര്‍ന്ന് ആദ്യത്തെ 10 ഓവറില്‍ ഗുപ്തില്‍ ടീമിന് 162 റണ്‍സ് നേടിക്കൊടുത്തു. 11-ാം ഓവറിലെ ആദ്യ പന്തില്‍ ഗുപ്തില്‍ പുറത്താവുമ്പോള്‍ വോര്‍സെസ്റ്റര്‍ഷെയര്‍ വിജയത്തിലേക്ക് അടുത്തിരുന്നു. ആഭ്യന്തര ട്വന്റി 20യില്‍ തന്റെ നാലാമത്തെ സെഞ്ചുറിയാണ് അദ്ദേഹം തികച്ചത്. 102 റണ്‍സോടെ അദ്ദേഹം പുറത്തായെങ്കിലും ടീം വിജയിച്ചു.

262.42 റണ്‍സിന്റെ അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം പുറത്തുപോയത്. നോര്‍ത്താംടണ്‍ഷെയറിന്റെ 187-9 എന്ന ലക്ഷ്യം 6 .5 ഓവര്‍ ബാക്കി നില്‍ക്കെയാണ് വോര്‍സെസ്റ്റര്‍ഷെയര്‍ മറികടന്നത്.

ഇന്ത്യയുടെ രോഹിത് ശര്‍മ്മ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, നമീബിയയുടെ ലൂയിസ് വാന്‍ ഡെര്‍ എന്നിവരാണ് 35 പന്തില്‍ സെഞ്ചുറി സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. 2013 ഐപിഎല്ലില്‍ 30 പന്തില്‍ 100 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് ഇപ്പോള്‍ പട്ടികയില്‍ മുമ്പില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook