വാശിയേറിയ ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിന ശ്രദ്ധേയമായത് ഒരു വിവാഹഭ്യർത്ഥനയിലൂടെ കൂടിയാണ്. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ഒരു ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നിൽ വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. ക്യാമറ കണ്ണുകൾ കൃത്യമായി പകർത്തിയതോടെ താരങ്ങളുടെയടക്കം സാനിധ്യത്തിൽ മനോഹരമായൊരു വിവാഭ്യർത്ഥനയ്ക്ക് മത്സരം വേദിയായി.

മൂന്നാം വിക്കറ്റിൽ കോഹ്‌ലി-അയ്യർ കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിക്കുന്നതിനിടെയാണ് സംഭവം. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഓസിസ് താരങ്ങളായ ഷെയ്ൻ വോണും ആദം ഗിൽക്രിസ്റ്റും കാണികളും പെൺകുട്ടിയുടെ മറുപടിക്കായി കാത്തിരുന്നു. ഇരുവരും കെട്ടിപിടിച്ചതോടെ ഗിൽക്രിസ്റ്റ് പറഞ്ഞു “അവൾ സമ്മതിച്ചിരിക്കുന്നു.” കളിക്കളത്തിലുണ്ടായിരുന്ന ഗ്ലെൻ മാക്സ്‌വെൽ അടക്കം പ്രണയിതാക്കൾക്ക് കയ്യടിച്ചു.

അതേസമയം മത്സരത്തിൽ ഇന്ത്യ 51 റൺസിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം മത്സരവും ജയിച്ചതോടെ കങ്കാരുക്കൾ പരമ്പരയും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 389 റൺസാണ് അടിച്ചെടുത്തത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്ത് രണ്ടാം ഏകദിനത്തിലും അതേ ഫോം ആവർത്തിച്ചു. വെറും 64 പന്തിൽ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് സ്‌മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. ക്രീസിൽ എത്തിയപ്പോൾ മുതൽ വളരെ ആക്രമണകാരിയായി സ്‌മിത്ത് ബാറ്റ് വീശി.

ആദ്യ മത്സരത്തിലേക്കാൾ പ്രഹരശേഷിയോടെ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റ് വീശിയപ്പോൾ ഓസ്‌ട്രേലിയൻ സ്‌കോർ ബോർഡ് അതിവേഗം ചലിച്ചു. മാക്‌സ്‌വെൽ വെറും 29 പന്തിൽ നിന്ന് പുറത്താകാതെ 63 റൺസ് അടിച്ചുകൂട്ടി. നാല് ഫോറും നാല് സിക്‌സും സഹിതമാണ് മാക്‌സ്‌വെൽ 63 റൺസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook