സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ക്രിക്കറ്റ് ആസ്വാദകരെ മുഴുവൻ രസിപ്പിച്ച് ഓസീസ് താരം മാർനസ് ലാബുഷെയ്‌നിന്റെ സ്ലെഡ്‌ജിങ്. ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരുടെ ശ്രദ്ധ തിരിക്കാനാണ് ലാബുഷെയ്‌ൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ, അതൊന്നും ഫലം കണ്ടില്ല.

പൊതുവെ കണ്ടുവരുന്ന മൂർച്ഛയേറിയ വാക്കുകൾ ഉപയോഗിച്ചുള്ള സ്ലെഡ്‌ജിങ് ആയിരുന്നില്ല ലാബുഷെയ്‌ൻ നടത്തിയത്. ചിരിച്ചുകൊണ്ട് ബാറ്റ്‌സ്‌മാന് അടുത്തേക്ക് എത്തുകയും ശേഷം വളരെ കൂളായി ഓരോരോ ചോദ്യങ്ങൾ ഉന്നയിച്ച് ബാറ്റ്‌സ്‌മാന്റെ ശ്രദ്ധ തിരിക്കുകയുമാണ് ഓസീസ് താരത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് ലാബുഷെയ്‌ൻ സ്ലെഡ്‌ജിങ് ആരംഭിച്ചത്. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലും രോഹിത് ശർമയുമാണ് ബാറ്റ് ചെയ്യുന്നത്. പന്തെറിയുന്നത് ഓസ്ട്രേലിയയുടെ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്. ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്നു ലാബുഷെയ്‌ൻ.

Read Also: ഓപ്പണിങ് സഖ്യത്തിൽ റെക്കോഡുകൾ തകർത്ത് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും

ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനായി ലാബുഷെയ്‌ൻ ആദ്യ ചോദ്യം തൊടുത്തുവിട്ടു; “ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട താരം ?” വളരെ കൂളായാണ് ലാബുഷെയ്‌നിന്റെ ആദ്യ ചോദ്യത്തോട് ഗിൽ പ്രതികരിച്ചത്. പ്രിയപ്പെട്ട താരമാരാണെന്ന ചോദ്യത്തിന് “ഇത് കഴിഞ്ഞിട്ട് പറയാം” എന്നു മാത്രമായിരുന്നു ഗില്ലിന്റെ മറുപടി.

ഇതുകൊണ്ടൊന്നും നിർത്താൻ ലാബുഷെയ്‌ൻ തയ്യാറല്ലായിരുന്നു. ” ഈ ബോൾ കഴിഞ്ഞിട്ടാണോ ? അതോ കളി കഴിഞ്ഞിട്ടോ ? സച്ചിനാണോ നിങ്ങളുടെ ഇഷ്ടതാരം ? കോഹ്‌ലിയെ ഇഷ്ടമല്ലേ ? ” ചോദ്യങ്ങളുടെ എണ്ണം കൂടിയപ്പോൾ ഗില്ലിന് കാര്യം മനസിലായി. ഗിൽ ഒന്നും മിണ്ടാതെ നിന്നു. എന്നാൽ, ലാബുഷെയ്‌ൻ ഫുൾ ഫോമിൽ സ്ലെഡ്‌ഡിങ് തുടർന്നു. ക്യാച്ചിന് യാതൊരു സാധ്യതയുമില്ലാത്ത പന്ത് ക്യാച്ചാണെന്ന് പറഞ്ഞ് ഓടിയെത്തുക. മറ്റ് താരങ്ങളോട് നിർത്താതെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുക. തുടങ്ങിയ കാര്യങ്ങളെല്ലാം ലാബുഷെയ്‌ൻ തുടർന്നു.

 

View this post on Instagram

 

A post shared by cricket.com.au (@cricketcomau)

ഗില്ലിന് ശേഷം ലാബുഷെയ്‌നിന്റെ അടുത്ത ഇര രോഹിത് ശർമയായിരുന്നു. ” ക്വാറന്റെെനിൽ എന്തായിരുന്നു പരിപാടി ? ” രോഹിത്തിനോട് ലാബുഷെയ്‌ൻ ചോദിച്ചു. രോഹിത് ഒന്നും മിണ്ടിയില്ല. ലാബുഷെയ്‌നിന്റെ ചോദ്യം കേൾക്കാത്തതുപോലെ അടുത്ത പന്ത് നേരിടാൻ രോഹിത് തയ്യാറായി. പല തവണ ലാബുഷെയ്‌ൻ ഇത് തുടർന്നു.

അതേസമയം, മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിൽ നിന്ന് 242 റൺസ് അകലെയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 338 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്‌മിത്ത് സെഞ്ചുറി നേടിയപ്പോൾ ലാബുഷെയ്‌ൻ 91 റൺസ് നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു.

ചേതേശ്വർ പൂജാര (ഒൻപത്), അജിങ്ക്യ രഹാനെ (അഞ്ച്) എന്നിവരാണ് ഇന്ത്യയ്‌ക്കായി ഇപ്പോൾ ക്രീസിൽ. ഓപ്പണർമാരായ ശുഭ്‌മാൻ ഗിൽ (50), രോഹിത് ശർമ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിന്റെ ആദ്യ അർധ സെഞ്ചുറിയാണ് ഇന്ന് ഓസീസിനെതിരെ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook