എറണാകുളം ബസ് ടെര്‍മിനലില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന്റെ വീട്. കൂറ്റന്‍ വീടുകളില്‍ നിന്ന് വ്യത്യസ്തമായി മരക്കൂട്ടങ്ങള്‍ക്കിടയിലെ ഒറ്റമുറി വീട്. “ടിവി, ഫ്രിഡ്ജ്, എസി എന്നിങ്ങനയുള്ള ഉപകരണങ്ങളൊന്നും ഇവിടെയില്ല,” തന്റെ റെഡിയൊ പിടിച്ചുകൊണ്ട് എല്‍ദോസിന്റെ പിതാവ് കൊച്ചുതോട്ടത്തില്‍ പൗലോസ് പറഞ്ഞു.
കളത്തിലെ വെല്ലുവിളികളേക്കാള്‍ കൂടുതല്‍ പുറത്ത് നേരിടേണ്ടി വന്നിട്ടുണ്ട് എല്‍ദോസിന്. നാലാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. കള്ള്ഷാപ്പ് ജീവനക്കാരനായിരുന്ന പിതാവിന് ഭാര്യയുടെ വിയോഗത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബത്തിലെ തുച്ഛമായ വരുമാനം എല്‍ദോസിനേയും സഹോദരനേയും വളര്‍ത്താന്‍ തികയുമായിരുന്നില്ല.

അടിത്തറ നഷ്ടമായ കുടുംബത്തിന് താങ്ങായി എല്‍ദോസിന്റെ വല്യമ്മച്ചി മറിയാമ്മ എത്തുകയായിരുന്നു. 89-കാരിയായ മറിയാമ്മ എല്‍ദോസിന് അമ്മ കൂടിയായിരുന്നു.
എല്‍ദോസിന്റെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ നിരവധി അഭിമുഖങ്ങള്‍ നല്‍കിയ മറിയാമ്മയ്ക്ക് ഒന്നുകൂടി നല്‍കാന്‍ മടിയില്ലായിരുന്നു. ചോദ്യങ്ങള്‍ ഉറക്കെയായിരിക്കണം എന്നൊരു ആവശ്യം മാത്രമായിരുന്നു മറിയാമ്മയ്ക്ക് ഉണ്ടായിരുന്നത്.
കോമണ്‍വെല്‍ത്തിലെ മികവ് എല്‍ദോസിന്റെ പേര് കേരളത്തിലെ ഓരോ സാധാരണക്കാരന്റേയും വീടുകളിലെത്തി. ഗ്രാമത്തിലെ പ്രധാനയിടങ്ങളില്‍ എല്‍ദോസിന്റെ ബാനറുകള്‍ ഉയര്‍ന്നു. ആളുകള്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അഡ്രസില്‍ എല്‍ദോസിന്റെ വീടിന് സമീപം എന്ന് ചേര്‍ക്കുമെന്ന് അങ്കിളായ ബാബു പറയുന്നു.

“അവനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്, ഞാനാണ് അവന്റെ അപ്പനും അമ്മയും സംരക്ഷകയുമെല്ലാം,” മറിയാമ്മ പറയുന്നു. എല്‍ദോസിന്റെ വിജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറിയാമ്മയ്ക്കാണ്, കുടുംബത്തില്‍ മറ്റാരും അതിന് അര്‍ഹതപ്പെടുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മറിയാമ്മച്ചി പറയുന്നത് മുഴുവന്‍ ശരിയാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ല, അവരാണ് അവനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുത്തത്, പിതാവ് പൗലോസ് പറഞ്ഞു.
എല്‍ദോസിന്റെ സ്കൂളിലെ പരിപാടികള്‍, പിടിഎ മീറ്റിങ്ങുകള്‍ തുടങ്ങി സ്കൂളില്‍ വിടുന്നതും തിരിച്ചെത്തിക്കുന്നതുമെല്ലാം മറിയാമ്മയായിരുന്നു.
“അമ്മ മരിക്കുമ്പോള്‍ ഞാന്‍ തീരെ ചെറുപ്പമായിരുന്നു. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും എനിക്കില്ല. എന്റെ വല്യമ്മച്ചിയാണ് എനിക്ക് അമ്മ. അമ്മയില്ലാത്തതിന്റെ പോരായ്മ വല്യമ്മച്ചി എന്നെ അറിയിച്ചിട്ടില്ല. വല്യമ്മച്ചിയുടെ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഫലമാണ് എന്റെ നേട്ടങ്ങള്‍,” എല്‍ദോസ് വ്യക്തമാക്കി.
ആഡംബരമില്ലെങ്കിലും എല്‍ദോസിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ മറിയാമ്മ ശ്രമിച്ചിരുന്നു. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന മറിയാമ്മയുടെ മകളാണ് എല്‍ദോസിന് ആവശ്യമായ കായിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ പണം നല്‍കി സഹായിച്ചിരുന്നത്.

“മറിയാമ്മയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പൗലോസിന്റേയും മക്കളുടേയും ജീവിതം മറ്റൊന്നാകുമായിരുന്നു. ഈ കുടുംബത്തിന്റെ രക്ഷകയാണ് മറിയാമ്മ,” ബാബു അഭിപ്രായപ്പെട്ടു.
എല്‍ദോസിന്റെ കായിക ഇനത്തേക്കുറിച്ച് മറിയാമ്മയ്ക്ക് അറിവ് കുറവാമ്. എല്‍ദോസ് ചേര്‍ന്നതില്‍ പിന്നെയാണ് ട്രിപ്പിള്‍ ജമ്പ് എന്നൊരു സംഭവത്തെപ്പറ്റി പോലും മറിയാമ്മ അറിയുന്നത്. സ്കൂള്‍ വിട്ടതിന് ശേഷം എല്‍ദോസ് സ്പോര്‍ട്സിലേക്ക് തിരിഞ്ഞതാണ് മറിയാമ്മയെ അല്‍പ്പം വിഷമിപ്പിച്ചത്.
“എന്തൊകൊണ്ടാണ് പഠനത്തില്‍ ശ്രദ്ധിക്കാത്തതെന്ന് ഞാന്‍ അവനോട് ചോദിച്ചു. പരീക്ഷകള്‍ എഴുതിയെടുക്കുമെന്നും തോല്‍ക്കില്ലെന്നും അവനെനിക്ക് വാക്ക് തന്നു,” മറിയാമ്മ ഓര്‍ത്തെടുത്തു.
കഴിഞ്ഞ ജൂലൈലാണ് മറിയാമ്മ ആദ്യമായി എല്‍ദോസിനെ ടിവിയില്‍ കണ്ടത്. ലോക ചാമ്പ്യന്‍ഷിന്റെ സമയത്തായിരുന്നു അത്. ഒന്‍പതാം സ്ഥാനത്താണ് എല്‍ദോസ് അന്ന് ഫിനിഷ് ചെയ്തത്. “മെഡല്‍ നേടാനാകാതെ പോയത് അവനെ നിരാശനാക്കിയിരുന്നു. പക്ഷെ അവന്‍ അടുത്ത തവണ മികച്ച പ്രകടനം നടത്തുമെന്നും അന്ന് പറഞ്ഞു. അത് ശരിയായി,” മറിയാമ്മ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലുടനീളം മറിയാമ്മയും ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുവന്നത്. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു. ഗണിതമായിരുന്നു ഇഷ്ടവിഷയം. പക്ഷെ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പഠനം പൂര്‍ത്തിയാക്കുന്നതിന് തടസമായി.