ഫുട്ബോൾ മൈതാനത്തെ ദേഷ്യക്കാരനെന്ന് വിലയിരുത്തപ്പെടുന്ന മരിയാ ബാലോട്ടെല്ലി ജർമ്മൻ ക്ലബായ ബൊറൂസി ഡോർട്ട്മുണ്ടിലേക്ക് ചേക്കേറുന്നു. ബാലട്ടെല്ലിയുടെ ഏജന്റായ മിനോ റയോളയാണ് ഇക്കാര്യം സ്ഥിഥീകരിച്ചത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബായ നീസിന് വേണ്ടിയാണ് ഇറ്റാലിയൻ താരം കളിച്ചത്. നീസുമായുള്ള കരാർ അവസാനിച്ചതോടെയാണ് ബാലോട്ടെല്ലി പുതിയ ക്ലബിലേക്ക് പോകുന്നത്.

ഫോമില്ലായ്മയുടേയും അച്ചടക്കമില്ലായ്മയുടേയും പേരിലാണ് ബാലോട്ടെല്ലിയെ പല ക്ലബുകളും ഒഴിവാക്കിയത്. ഇംഗ്ലീഷ് ക്ലബായ ലിവർപൂളിൽ നിന്നാണ് ബാലോട്ടെല്ലി നീസിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ നീസിനായി തകർപ്പൻ പ്രകടനമാണ് ഈ ഇറ്റാലിയൻ താരം കാഴ്ചവെച്ചത്. 28 മത്സരങ്ങൾ കളിച്ച ബാലോട്ടെല്ലി 17 ഗോളുകളാണ് നേടിയത്.

ജർമ്മൻ ബുണ്ടസ് ലീഗയിലെ പ്രധാന ക്ലബുകളിൽ ഒന്നാണ് ബോറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടിന്റെ പ്രധാനതാരമായിരുന്ന പെറിക്ക് ഔബമയേങ് ക്ലബ് വിടാൻ ഒരുങ്ങുന്നതോടെയാണ് ക്ലബ് അധികൃതർ ബാലോട്ടെല്ലിയെ സ്വന്തമാക്കാൻ തിരുമാനിച്ചത്. ബാലോട്ടെല്ലിയുമായുള്ള കരാർ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവിനായി പുതിയ ക്ലബിലേക്കുള്ള മാറ്റം തുണയാകുമെന്നാണ് ബാലോട്ടെല്ലി വിശ്വസിക്കുന്നത്. ദേശീയ ടീമിനായി 33 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാലോട്ടെല്ലി 13 ഗോളുകളും നേടിയിട്ടുണ്ട്. 2012 ൽ നടന്ന യൂറോകപ്പിലും , 2013 ൽ നടന്ന കോൺഫെഡറേഷൻ കപ്പിലും ഇറ്റലിക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ലോകത്തെ പല പ്രമുഖ ക്ലബുകൾക്കായും ഈ 26 വയസ്സുകാരൻ കളിച്ചിട്ടുണ്ട്. ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി, എ.സി മിലാൻ, ലിവർപൂൾ നീസ് എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് ബാലോട്ടെല്ലി കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ