ഇസ്താംബുളില്‍ മത്സരത്തിനെത്തിയ ലോക ടെന്നീസ് താരം മരിയ ഷറപ്പോവയെ ഒരു ആരാധകന്‍ ശരിക്കും അത്ഭുതപ്പെടുത്തി. അടുത്ത സീസണില്‍ മികച്ച പ്രകടനത്തിനായി കഠിനമായ പരിശീലനത്തിലാണ് റഷ്യന്‍ സുന്ദരി. പ്രാദേശിക താരമായ കാഗ്ല ബുയൂകക്കെയുമായുളള മത്സരത്തിനിടെയാണ് സംഭവം.

അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഷറപ്പോഴ സെര്‍വിന് ഒരുങ്ങുമ്പോഴാണ് സംഭവം. ‘മരിയാ, നിങ്ങള്‍ എന്നെ വിവാഹം ചെയ്യാമോ?’, എഴുന്നേറ്റ് നിന്ന ആരാധകന്‍ ഉറക്കെ വിളിച്ച് ചോദിച്ചു. സിനാന്‍ ഈദം ഹാളില്‍ ഉണ്ടായിരുന്ന മുഴുവന്‍ കാണികളേയും പൊട്ടിച്ചിരിപ്പിച്ച ചോദ്യം കേട്ട മരിയ ഷറപ്പോവ ഒരു നിമിഷം കളി നിര്‍ത്തി ബാറ്റും കൈയിലേന്തി നിന്നു. ‘ചിലപ്പോള്‍ വിവാഹം ചെയ്തേക്കാം’ എന്ന ഷറപ്പോവയുടെ മറുപടിയും കാണികളില്‍ ചിരി ഉണര്‍ത്തി.

കരഘോഷത്തോടെയാണ് കാണികള്‍ ഇതിനെ സ്വീകരിച്ചത്. മത്സരത്തില്‍ 6-7, 0-6 എന്ന സ്കോറിന് ഷറപ്പോവ വിജയിച്ചു. നിരോധിത മരുന്ന് ഉപയോഗിച്ചതിന് 15 മാസം വിലക്ക് കിട്ടിയ ഷറപ്പോവ കഴിഞ്ഞ ഏപ്രിലിലാണ് തിരികെ കോര്‍ട്ടിലെത്തിയത്. ഇന്ത്യയില്‍ ആഡംബര ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ താരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഡല്‍ഹി പൊലീസാണ് റിയല്‍ എസ്റ്റേസ്റ്റ് കമ്പനി ഹോം സ്‌റ്റെഡ് നടത്തിയ വഞ്ചനാ കുറ്റത്തില്‍ മരിയ ഷറപ്പോവയുടെ പങ്ക് അന്വേഷിക്കുന്നത്.

2013 ല്‍ ആണ് കേസിനാസ്‌പദമായ സംഭവം, റിയല്‍ എസ്റ്റേസ്റ്റ് കമ്പനിയായ ഹോംസ്റ്റഡ് ഇന്ത്യയില്‍ ആഡംബര ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചു. മരിയ ഷറപ്പോയ ബ്രാന്‍ഡ് അംബാസിഡറായ പദ്ധതിയുടെ പേര് ‘ബാലറ്റ് ബൈ ഷറപ്പോവ’ എന്നായിരുന്നു. ഹെലിപാഡും ടെന്നീസ് അക്കാഡമിയും ഉള്‍പ്പെടുന്ന വമ്പന്‍ പ്രൊജക്ട് , ആഡംബരമായി നടന്ന പരിപാടിയില്‍ മരിയ ഷറപ്പോവയായിരുന്ന ഉദ്ഘാടനം ചെയ്‌തത്. പദ്ധതിയുടെ പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാം എന്നു വാഗ്‌ദാനം നല്കി നിക്ഷേപകരില്‍ നിന്നും വന്‍തുക കൈപ്പറ്റുകയുണ്ടായി. 2016 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ 2017 ആയിട്ടും യാതൊരു പ്രാരംഭ പ്രവര്‍ത്തികള്‍ സ്വീകരിക്കാതിരിക്കുകയും, നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ട സമയത്ത് പ്രതികരണമൊന്നു ലഭിക്കാതിരിക്കുകയും ചെയ്ത അവസരത്തില്‍ നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

കമ്പനിയുടെ അംബാസിഡര്‍ എന്ന നിലയില്‍ മരിയ ഷറപ്പോയെ വിശ്വസിച്ചാണ് പലരും ഇതില്‍ പണം നിക്ഷേപിച്ചത്. അതുകൊണ്ട് തന്നെ ഷറപ്പോവയ്ക്ക് ഇക്കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നവംബര്‍ 16ന് ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ