ക്രിക്കറ്റിൽ ചിലപ്പോഴൊക്കെ തമാശ നിറഞ്ഞ കാഴ്ചകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. റൺസിനായുളള ഓട്ടത്തിനിടയിൽ ഇംഗ്ലണ്ട് മുൻതാരം മാർക്കസ് ട്രെസ്കോത്തിക് രണ്ടു തവണ വീഴുന്ന കാഴ്ച കണ്ടാൽ ആരും ചിരിച്ചു പോകും.

സോമർസെറ്റും സുറേയും തമ്മിലുളള കൗണ്ടി ക്രിക്കറ്റ് ക്ലബ് മത്സരത്തിനിടയിലായിരുന്നു സംഭവം. സ്ട്രൈക്ക് എൻഡിലെ സോമർസെറ്റ് ബാറ്റ്സ്മാൻ മിഡ് വിക്കറ്റ് റീജിയണിലേക്ക് ബോൾ പായിച്ചു. തുടർന്ന് ഓട്ടവും തുടങ്ങി. നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്നു ട്രെസ്കോത്തിക്. പക്ഷേ ആദ്യ തവണ ഓടി ക്രീസിലേക്ക് എത്തുന്നതിനു മുൻപായി ട്രെസ്കോത്തിക് ബാലൻസ് കിട്ടാതെ താഴെ വീണു. വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റ് ഓടി. നോൺ സ്ട്രൈക്കേഴ്സ് എൻഡിലെത്തിയപ്പോൾ അടിതെറ്റി വീണ്ടും വീണു. മൂന്നാമത്തെ റൺസിനായി സഹതാരം ഓടാൻ തുടങ്ങിയപ്പോഴേക്കും ട്രെസ്കോത്തിക് തന്നെക്കൊണ്ട് ഇനിയാല്ലെന്ന് സിഗ്നൽ കൊടുത്തു. ബിസിസിഐയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോഗൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം കൗണ്ടി ചാംപ്യൻഷിപ്പിൽ സോമർസെറ്റ് തുടരെ തുടരെ ജയം സ്വന്തമാക്കിയിരുന്നു. 2019 സീസൺ വരെ സോമർസെറ്റുമായുളള കരാർ മാർക്കസ് ട്രെസ്കോത്തിക് നീട്ടിയിരുന്നു. സോമർസെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർക്കുക മാർക്കസ് ട്രെസ്കോത്തിക്കിനെ ആയിരിക്കുമെന്നാണ് സോമർസെറ്റ് ഡയറക്ടർ ആൻഡി ഹുറി പറഞ്ഞത്. 1993 ലാണ് 43 കാരനായ ട്രെസ്കോത്തിക് സോമർസെറ്റിലേക്ക് എത്തുന്നത്. ഈ വർഷം സോമർസെറ്റിനൊപ്പമുളള അദ്ദേഹത്തിന്റെ 27-ാമത് സീസണാണ്. 26,000 ലധികം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനായി 76 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് ട്രെസ്കോത്തിക്. ടെസ്റ്റിൽ 5,825 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 2005 ൽ ഇംഗ്ലണ്ട് ടീം ആഷസ് കപ്പ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook