ലണ്ടൻ: എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ മാർക്കസ് റാഷ്ഫോർഡിന്റെ ഗോളിൽ ആൻഡെർച്ചിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയിൽ കടന്നു. ഇരുപാദങ്ങളിലുമായി 2 എതിരെ 3 ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. യൂറോപ്പ ലീഗിൽ കിരീടം ഉയർത്താനുള്ള യുണൈറ്റഡിന്റെ സ്വപ്നങ്ങൾക്ക് സെമി പ്രവേശനത്തോടെ കൂടുതൽ സാധ്യത ഏറിയിരിക്കുകയാണ്.

ഓൾഡ്ട്രാഡ്ഫോഡിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ പത്താം മിനുറ്റിൽത്തന്നെ യുണൈറ്റഡ് മുന്നിലെത്തി. മധ്യനിരക്കാരൻ ഹെൻട്രിക്ക് മിഖിത്താരിയനാണ് ആൻഡെർലെച്ച് വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സോഫിയാൻ ഹാനിയുടെ ഗോളിലൂടെ ആൻഡെർച്ച് സമനില പിടിച്ചു. യുണൈറ്റഡിന്റെ പ്രതിരോധനിര താരങ്ങളുടെ പിഴവാണ് ആൻഡെർലെച്ചിന് സമനില ഗോൾ സമ്മാനിച്ചത്.

ഇതിനിടെ സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ചും, മാർക്കസ് റോഹോയും പരിക്കേറ്റ് പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി. വിജയഗോളിനായി നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും യുണൈറ്റഡ് താരങ്ങൾ അവ പാഴാക്കി. ഇതോടെ മത്സരം അധികസമയത്തേക്ക് നീങ്ങി.

മത്സരത്തിന്റെ 107 മിനുറ്റിൽ യുണൈറ്റഡും ജോസെ മൗറീഞ്ഞോയും കാത്തിരുന്ന നിമിഷം എത്തി. ആൻഡെർലെച്ച് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് വലയിൽ കയറിയതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു.ജയത്തോടെ യുണൈറ്റഡ് യൂറോപ്പ ലീഗിൽ കിരീട പ്രതീക്ഷകൾ നിലനിർത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ