മാഡ്രിഡ്: ലാലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയക്ക് എതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സാന്രിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിന് എതിരെ 2 ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. കളിതീരാൻ 4 മിനുറ്റ് ശേഷിക്കെ ബ്രസീൽ താരം മാഴ്സേലോ നേടിയ തകർപ്പൻ ഗോളാണ് റയലിന് വിജയം ഒരുക്കിയത്. എസ്‌പാൻയോളിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് ബാഴ്സിലോണയും വിജയം ആഘോഷിച്ചു.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. ഡാനി കാർവഹാളിന്റെ ക്രോസ് ക്രിസ്റ്റ്യാനോ വലൻസിയ വലയിലേക്ക് തലകൊണ്ട് ചെത്തി ഇടുകയായിരുന്നു. പക്ഷെ 82 മിനുറ്റിൽ ഡാനി പരേഹോ നേടിയ ഗോളിലൂടെ വലൻസിയ സമനില പിടിച്ചു. സമനില പിണഞ്ഞാൽ കിരീടം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ റയൽ വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ 86 മിനുറ്റിൽ റയൽ കാത്തിരുന്ന നിമിഷം എത്തി. ഇടത് വിങ്ങർ മാഴ്സേലോയുടെ തകർപ്പൻ ഗോളിലൂടെ റയൽ വിജയവും 3 പോയിന്റും സ്വന്തമാക്കി.

ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ബാഴ്സയുടെ തൊട്ടുപിന്നിലെത്തി. 34 മത്സരങ്ങളിൽ നിന്ന് 81 പോയിന്റാണ് റയലിന് ഉളളത്. ബാഴ്സയേക്കാൾ ഒരു മത്സരം കുറവാണ് റയൽ കളിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ