തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും പോരാട്ടമാണ് ഫുട്ബോൾ. മൈതാനത്തെ ഓരോ നീക്കത്തിനും വലിയ വിലകൊടുക്കേണ്ടി വരും. പ്രതിരോധത്തിലും മുന്നേറ്റത്തിലും ആവുന്നതത്രയും ചെയ്യണം. അത്തരത്തിൽ ഒരു വ്യത്യസ്തമായ നീക്കത്തിനാണ് ഇന്നലെ ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ – ഇന്റർ മിലാൻ പോരാട്ടം വേദിയായത്.

ഡയറക്ട് ഫ്രീകിക്ക് തടയുന്നതിനായി ഇന്റർ മിലാൻ താരം മാഴ്സലോ ബ്രോസോവിച്ച് നടത്തിയ ശ്രമം ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമാവുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബോക്സിന് പുറത്ത് ബാഴ്സലോണയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. ഫ്രീകിക്ക് എടുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂയി സുവാരസും.

സുവാരസിനും ഗോൾപോസ്റ്റിനും മധ്യത്തിൽ പ്രതിരോധ കോട്ടകെട്ടി ഇവാൻ പെരിസിച്ചിന്റെ നേതൃത്വത്തിൽ ഇന്റർമിലാൻ ടീം. പ്രതിരോധത്തെ കബളിപ്പിച്ച് ഉയർത്തിയടിക്കാൻ എന്ന വ്യാജേന സുവാരസ് ഓടിവന്ന് പന്ത് നിലപറ്റി തുടുത്തു. സുവാരസിന്റെ കണക്കുകൂട്ടൽ ശരിയായി എന്ന് തോന്നിച്ച നിമിഷമായിരുന്നു അത്. ഉയർന്ന് ചാടിയ പ്രതിരോധത്തിന് അടിയിൽ കൂടി പന്ത് ഗോൾ പോസ്റ്റിലേക്ക്.

എന്നാൽ പെട്ടെന്നായിരുന്നു ക്രൊയേഷ്യൻ താരത്തിന്റെ ഇടപെടൽ. ഒരു ദീർഘദർശിയുടെ മികവോടെ സുവാരസിന്റെ നീക്കം കണ്ട ബ്രോസോവിച്ച് മറിച്ചൊന്നും ആലോചിക്കാതെ മൈതാനത്ത് അങ്ങ് കിടന്നു. ശരിയായ തീരുമാനമായിരുന്നു അത്. താരത്തിന്റെ ശരീരത്തിൽ തട്ടി പന്ത് പുറത്തേക്ക്. ബ്രോസോവിച്ച് അവിടെ ഇല്ലായിരുന്നെങ്കിൽ സുവാരസിന്റെ ഷോട്ട് ഇന്റർമിലാൻ ഗോൾവല ചലിപ്പിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.

മെസ്സിയുൾപ്പടെയുള്ള കാണികളെ അത്ഭുതപ്പെടുത്തിയാണ് ബ്രോസോവിച്ച് കളിയിലെ ശ്രദ്ധാകേന്ദ്രമായത്. മത്സരത്തിൽ ഇന്റർമിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സലോണയോട് പരാജയപ്പെടുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ