മാഡ്രിഡ്: ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തിലെ ഹാന്‍ഡ് ബോള്‍ വിവാദത്തില്‍ പ്രതികരണവുമായി റയല്‍ താരം മാഴ്‌സലോ. അത് ഹാന്‍ഡ് ബോള്‍ തന്നെയായിരുന്നുവെന്നും സത്യം മറച്ചു വെച്ചാല്‍ താന്‍ നുണയാനാകുമെന്നുമായിരുന്നു മാഴ്‌സലോയുടെ പ്രതികരണം.

ബയേണ്‍ താരം കിമ്മിച്ചിന്റെ ക്രോസ് പെനാല്‍റ്റി ബോക്സില്‍ വെച്ച് മാഴ്സലൊ കൈ കൊണ്ട് തടയുകയായിരുന്നു. പെനാല്‍റ്റിക്കായി ബയേണ്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി കുന്‍യെറ്റ് കാകിര്‍ അനുവദിച്ചില്ല. സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

”പന്ത് എന്റെ കൈയില്‍ തട്ടിയിട്ടുണ്ട്. നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ റഫറിയോട് സംസാരിക്കില്ലെന്ന്. നേരത്തെ തന്നെ അയാള്‍ ഞങ്ങള്‍ക്കെതിരെ തീരുമാനമെടുത്തിട്ടുണ്ട്. പന്ത് കൈയില്‍ തട്ടിയില്ലെന്ന് പറഞ്ഞാല്‍ അതൊരു നുണയാകും,” ബ്രസീല്‍ താരം പറയുന്നു.

അതേസമയം, കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക്. ബയേണ്‍ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി 4-3 ന് തകര്‍ത്താണ് റയല്‍ കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റെടുത്തത്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ രണ്ട് ടീം രണ്ട് ഗോളുകള്‍ വീതം നേടിയിരുന്നു.

കളിയുടെ മൂന്നാം മിനുറ്റില്‍ ബയണ്‍ ഗോളടിച്ച് ലക്ഷ്യം വ്യക്തമാക്കുകയായിരുന്നു. കിമ്മിച്ചായിരുന്നു ഗോള്‍ നേടിയത്. ആദ്യ പാദത്തിലും ബയേണിനായി കിമ്മിച്ച് ഗോള്‍ നേടിയിരുന്നു. സീസണില്‍ കിമ്മിച്ചിന്റെ നാലാമത്തെ ഗോളാണിത്. എന്നാല്‍ പതിനൊന്നാം മിനുറ്റില്‍ മാഴ്‌സലോയുടെ ക്രോസില്‍ തലവെച്ച് കൊടുത്ത ബെന്‍സേമ റയലിനെ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു.

പിന്നാലെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ കൊണ്ട് സമ്പന്നമായ മത്സരത്തില്‍ രണ്ടാം പകുതിയയുടെ തുടക്കത്തില്‍ തന്നെ ബെന്‍സേമ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. നവാസിന്റെ സേവുകള്‍ റയലിന് വിജയം നേടികൊടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നനാല്‍ 62ാം മിനുറ്റില്‍ നവാസിനെ മറികടന്ന് റോഡ്രിഗസ് ഗോള്‍ വല ചലിപ്പിച്ചു. സ്‌കോര്‍ 2-2. മുന്‍ ടീമിനെതിരെയുള്ള ഗോള്‍ റോഡ്രിഗസ് ആഘോഷിച്ചിരുന്നില്ല.

ഒരു ഗോള്‍ നേടിയാല്‍ െൈഫനിലെത്താമെന്ന തിരിച്ചറിവില്‍ ബയണ്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. മികച്ച സേവുകളുമായി നവാസ് റയലിനെ രക്ഷിച്ചു നിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ വീഴുമ്പോള്‍ അഗ്രിഗേറ്റ് ഗോളിന്റെ ആനുകൂല്യത്തില്‍ റയല്‍ ഫൈനലിലേക്ക്. ഇന്ന് നടക്കുന്ന എഎസ് റോമ-ലിവര്‍പൂള്‍ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ റയലിന്റെ എതിരാളികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ