ഫുട്ബോൾ ഇതിഹാസം ഡിയെഗോ മറഡോണയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അദ്ദേഹത്തിന്റെ ആരാധകരിൽ പലരും ഇതുവരെ മുക്തി നേടിയിട്ടില്ല. കാലുകൾകൊണ്ട് വിസ്മയം തീർത്ത മറഡോണയുടെ കരിയറിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൈകൊണ്ടുള്ള ഗോൾ അദ്ദേഹത്തെ വിമർശിക്കുന്നവർക്കും ആരാധിക്കുന്നവർക്കും ഒരിക്കലും മറക്കാനാകാത്ത സംഭവമാണ്. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അന്ന് മറഡോണ അണിഞ്ഞ ആ ജേഴ്സി സ്വന്തമാക്കാൻ നിങ്ങൾക്കും അവസരം. രണ്ട് മില്ല്യൺ ഡോളറാണ് ആ ജേഴ്സിയുടെ മൂല്യം.
നിലവിൽ ഇംഗ്ലിഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമാണ് ജേഴ്സിയുള്ളത്. മത്സരത്തിൽ ഇംഗ്ലണ്ട് താരം നൽകിയ ബാക്ക് പാസിൽ നിന്നാണ് മറഡോണ വിവാദ ഗോൾ സ്വന്തമാക്കിയത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അർജന്റീന കിരീടവുമായാണ് മെക്സിക്കോയിൽ നിന്ന് മടങ്ങിയത്.
Also Read: അദ്ദേഹം ചതിച്ചു, ദൈവത്തിന്റെ കൈയ്ക്ക് മാപ്പില്ല; മറഡോണയുടെ ഓർമകളിൽ പീറ്റർ ഷിൽട്ടൺ
“ഷർട്ട് നിലവിൽ മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോൾ മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ദൈവത്തിന്റെ കൈ’ ഷർട്ടിന്റെ മൂല്യം കണക്കാക്കുക പ്രയാസമാണ്. എന്നിരുന്നാലും ഉടമസ്ഥൻ 2 മില്ല്യൺ ഡോളറിന് സ്വകാര്യ വിൽപ്പനയ്ക്ക് ശ്രമിച്ചിരുന്നതായി എനിക്കറിയാം.” ഡേവിഡ് അമേർമൻ പറഞ്ഞതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഫുട്ബോൾ ലോകത്തെ മറ്റൊരു വിലയേറിയ ലേലത്തിന് ഒരുങ്ങുകയാണ് ഡേവിഡ് അമേർമൻ ഭാഗമായ ഗോൾഡിൻ ഓക്ഷൻ. 1970ൽ ബ്രസീലിനുവേണ്ടി മൂന്നാം ലോകകപ്പ് നേടിയ ശേഷം പെലെക്ക് ഫിഫ സമ്മാനിച്ച യൂൽസ് റിമറ്റ് ട്രോഫിയാണത്. 800000 ഡോളറാണ് ട്രോഫിയുടെ അടിസ്ഥാന വില.
Also Read: സാന്താ മാറദോന മുതൽ മാറകോക്കാ വരെ – മറഡോണയെക്കുറിച്ച് ജയകൃഷ്ണന് എഴുതുന്നു
1986 ജൂൺ 22 ന് മെക്സിക്കൻ ലോകകപ്പിലെ അർജന്റീന – ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോൾ പിറക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് സെമി. ആദ്യ പകുതി ഗോള്‍ രഹിതം. മറഡോണയുടെ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണില്‍ തട്ടിത്തെറിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. രണ്ടാം പകുതിയിലെ ആറാം മിനിറ്റിലാണ് അത് സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ഗോൾപോസ്റ്റിനു മുൻപിൽ വച്ച് മറഡോണയും ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണും ഒന്നിച്ചു ചാടി. ഈ സമയത്ത് മറഡോണയുടെ ഇടം കൈയിൽ പന്ത് കൊണ്ടു. പന്ത് നേരെ ഗോൾ പോസ്റ്റിലേക്ക്. ഹാന്‍ഡ് ബോളെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും ടുണീഷ്യക്കാരനായ റഫറി അലി ബെന്നസീര്‍ കുലുങ്ങിയില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് 60 കാരനായ മറഡോണ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. മറഡോണയ്ക്ക് അടുത്തിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും അദ്ദേഹം ആഴ്ചകൾക്ക് മുൻപ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടു.