കൊല്‍ക്കത്ത: ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തിൽ ഒറ്റ ഉത്തരം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. വലിയൊരു വിഭാഗം ആരാധകർ ആസ്ഥാനം ചാർത്തി നൽകിയിരിക്കുന്നത് അർജന്റീന ഇതിഹാസം മറഡോണക്കാണ്. ഫുട്‌ബോള്‍ ദൈവമെന്നാണ് മറഡോണയെ ആരാധകർ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്നെ ഫുട്‌ബോള്‍ ദൈവമെന്ന് വിളിക്കരുതെന്ന് മറഡോണ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ തറവാടായ കൊൽക്കത്തയിലെത്തിയപ്പോഴായിരുന്നു മറഡോണയുടെ പ്രതികരണം. പരിഭാഷകൻ മുഖേനയാണ് കൊൽക്കത്തയെ മറഡോണ അഭിസംബോധന ചെയ്തത്. കാൻസർ രോഗികൾക്കു ചികിൽസാ സഹായവും പുതിയ ആംബുലൻസും മറഡോണ ഫ്ലാഗ് ഓഫ് ചെയ്തു. 2008ൽ മറഡോണ എത്തിയപ്പോൾ നഗരം സാക്ഷ്യംവഹിച്ച തിരക്കൊന്നുമുണ്ടായില്ലെങ്കിലും പ്രിയതാരത്തെ ഒരു നോക്കുകാണാൻ ആരാധകർ തിക്കിത്തിരക്കി.

മറഡോണയുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമയും കൊൽക്കത്തയിൽ ഇതിഹാസതാരം അനാവരണം ചെയ്തു. നഗരത്തിലെ പാർക്കിൽ പിന്നീട് ഇതു സ്ഥാപിക്കും. 1986ലെ ലോകകപ്പ് കിരീടമുയർത്തി മറഡോണ നിൽക്കുന്ന വിധമാണ് പ്രതിമയുടെ രൂപകൽപന. കൊൽക്കത്ത തന്റെ പ്രിയപ്പെട്ട നഗരമാണെന്നും ഇവിടെ തന്റെ പ്രതിമയുള്ളത് സ്നേഹസ്മാരകമാണെന്നും മറഡോണ പറഞ്ഞു. തന്റെ പുതിയ ഗേൾ ഫ്രണ്ടുമൊത്താണു മറഡോണയുടെ ഇന്ത്യൻ സന്ദർശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ