ഇന്ത്യൻ വെടിക്കെട്ട് താരം യുവരാജ് സിങ്ങിന്റെ പിതാവും മുൻ ക്രിക്കറ്ററുമായിരുന്ന യോഗ്‌രാജ് സിങ് അടുത്ത കാലത്ത് പലപ്പോഴും വാർത്തകളിൽ നിറയുന്നത് വിവാദ പരാമർശങ്ങളിലൂടെയാണ്. യുവരാജിന് പലപ്പോഴും അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എന്ന തരത്തിൽ നിരവധി തവണ പ്രസ്താവനകൾ നടത്തിയിട്ടുള്ള യോഗ്‌രാജ് സിങ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ നായകൻ എം.എസ്.ധോണിക്കെതിരെയും നിലവിലെ നായകൻ വിരാട് കോഹ്‌ലിക്കെതിരെയുമാണ്.

“വിരാട് കോഹ്‌ലിക്കും എം.എസ്.ധോണിക്കുമൊപ്പം സെലക്ടർമാർ പോലും യുവരാജിനെ ഒറ്റുകൊടുത്തു. അടുത്തിടെ രവി ശാസ്ത്രിയെ കണ്ടപ്പോൾ എല്ലാ മികച്ച കളിക്കാർക്കും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി യാത്രയയപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. ധോണി, കോഹ്‌ലി, രോഹിത് എന്നിവർ വിരമിക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിനായി അവർ വളരെയധികം ചെയ്തതിനാൽ അവർക്ക് നല്ലൊരു യാത്രയയപ്പ് തന്നെ വേണമെന്ന് ബോർഡിനോട് ആവശ്യപ്പെടുകയാണ്. ഇവരിൽ പലരും അവനെ പിന്നിൽ നിന്ന് കുത്തിയവരാണ്,” യോഗ്‌രാജ് പറഞ്ഞു.

Also Read: ധോണി കലവറയില്ലാതെ പിന്തുണച്ചത് ആ താരത്തെ; വെളിപ്പെടുത്തലുമായി യുവരാജ്

ഇന്ത്യൻ സെലക്ടർമാരെയും കടുത്ത ഭാഷയിലാണ് യോഗ്‌രാജ് വിമർശിച്ചത്. പ്രത്യേകിച്ച് മുൻ സെലക്ടറായിരുന്ന ശരൻദീപ് സിങ്. എപ്പോഴും യുവരാജിനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. “ക്രിക്കറ്റിന്റെ എബിസി പോലും അറിയാത്തവരിൽ നിന്നും ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. യുവരാജ് വീണ്ടും കളിക്കുന്നതിൽ എല്ലാരും ആകുലരായിരുന്നു,” യോഗ്‌രാജ് കൂട്ടിച്ചേർത്തു.

Also Read: രോഹിത് ശർമ്മയെ വെള്ളം കുടിപ്പിച്ച ബോളർമാർ ഇവർ

സുരേഷ് റെയ്നയെ അനാവശ്യമായ ധോണി പിന്തുണച്ചിരുന്നെന്നും യോഗ്‌രാജ് അഭിപ്രായപ്പെട്ടു. നേരത്തെയും സമാന പ്രസ്താവനകളുമായി യോഗ്‌രാജ് രംഗത്തെത്തിയിട്ടുണ്ട്. കലവറയില്ലാത്ത പിന്തുണയാണ് ധോണി സുരേഷ് റെയ്‌നയ്‌ക്ക് നൽകിയിരുന്നതെന്ന് യുവരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്. നായകനായിരിക്കെ ധോണി റെയ്‌നയെ നന്നായി പിന്തുണച്ചിരുന്നുവെന്നും ധോണിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റെയ്‌നയെന്നും യുവരാജ് പറഞ്ഞു.

Also Read: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവും പിന്തുണച്ചിട്ടുള്ള നായകൻ ഗാംഗുലിയാണെന്ന് യുവരാജ് സിങ് നേരത്തെ പറഞ്ഞിരുന്നു. ക്യാപ്‌റ്റൻ എന്ന നിലയിൽ തന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റ് താരങ്ങളില്ലെന്നും യുവരാജ് പറഞ്ഞു. എം.എസ്.ധോണിയിൽ നിന്നോ വിരാട് കോഹ്‌ലിയിൽ നിന്നോ തനിക്ക് ഇത്രയേറെ പിന്തുണ ലഭിച്ചിട്ടില്ലെന്നും യുവരാജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ധോണിക്കും കോഹ്‌ലിക്കുമെതിരെ യുവരാജിന്റെ പിതാവും രംഗത്തെത്തിയിരിക്കുന്നത്.

Also Read: ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനാകാം; താൽപര്യം പ്രകടിപ്പിച്ച് ഷൊയ്ബ് അക്തർ

നേരത്തെ ഇന്ത്യൻ സെലക്ഷൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവരാജ് രംഗത്തെത്തിയിരുന്നു. 2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ് പറഞ്ഞിരുന്നു. നിര്‍ണായകമായ യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും തന്നെ ടീമിലെടുത്തില്ലെന്നും യുവരാജ് ആജ് തക്കിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. 2015 ലെയും 2019 ലെയും ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും യുവരാജ് സിങ് വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook