ലിസ്ബൺ: ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ വീഴ്ത്തി ജർമ്മൻ വമ്പന്മാരായ ബയേണിന് കിരീടം. ആദ്യ ചാംപ്യൻസ് ലീഗ് ഫൈനലിൽ കിരീടം ഒരു ഗോളിന് നഷ്ടപ്പെടുത്തേണ്ടി വന്നിരിക്കുകയാണ് പിഎസ്ജിക്ക്. നെയ്മറും എംബാപ്പെയും അടങ്ങുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ യുവ സ്ട്രൈക്കർമാർ ഒന്നിച്ച് നിന്നിട്ടും ബെർലിൻ വൻമതിൽ കടക്കാനായില്ല എന്നതാണ് വാസ്തവം. ബയേൺ പ്രതിരോധത്തിലെ ഏറ്റവും ശക്തനായ പോരാളി ഗോൾ പോസ്റ്റിന് ചുറ്റും സൃഷ്ടിച്ച അദൃശ്യ കോട്ട താണ്ടി ഒരു തവണ പോലും ബയേൺ വല ചലിപ്പിക്കാൻ സൂപ്പർ സ്ട്രൈക്കർമാക്ക് ആയില്ല. അതാണ് ന്യൂയർ.

Also Read: Bayern 1- 0 PSG: UEFA Champions League Final 2020: ആറാം കിരീടം നേടി ബയേൺ

പിന്നിൽ നിന്ന് നയിച്ച നായകനും ഗോൾകീപ്പറുമായ മാന്വൂവൽ ന്യൂയറിന്റെ പ്രകടനമാണ് ബയേണിന് ആറാം തവണയും കിരീടം സമ്മാനിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ന്യൂയർ തന്നെ. ചരിത്ര നിമിഷത്തിൽ നായകന് ഏറ്റവും അർഹമായ അംഗീകാരം.

ബോക്സിനകത്ത് തന്നെ മൂന്ന് സേവുകളാണ് ന്യൂയർ നടത്തിയത്. ലീഗിലെ മികച്ച ഫോം കലാശപോരാട്ടത്തിലും ചോരാതെ കാത്ത ന്യൂയർ പോസ്റ്റിന് മുന്നിൽ നെഞ്ചും വിരിച്ച് തന്നെ നിന്നു. നിരവധി തവണയാണ് ജർമ്മൻ പ്രതിരോധം പൊട്ടിച്ച് നെയ്മറും എംബാപ്പെയും ബോക്സിനകത്ത് പ്രവേശിച്ചത്. ഗോളെന്നുറപ്പിച്ച അവസരങ്ങളും നിരവധി. എന്നാൽ, അതിനെല്ലാം വിലങ്ങ് തടിയായി ന്യൂയർ നിന്നതോടെ പിഎസ്ജി പ്രതീക്ഷകൾ തന്നെ അസ്ഥാനത്തായി. പലപ്പോഴും പോസ്റ്റിനും പിഎസ്ജിക്കും ഇടയിൽ ന്യൂയർ തന്നെയായെങ്കിലും ഗോളുമാത്രം അകന്നു നിന്നു, അഥവ അകറ്റി നിർത്തി.

പിഎസ്ജിയുടെ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ തുടുത്ത ഇരട്ട ഷോട്ട് ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് ന്യൂയർ തറ്റിയകറ്റിയത്. ബയേൺ പ്രതിരോധത്തെ മറികടന്ന് പോസ്റ്റിലേക്ക് നെയ്മർ തുടുത്ത ഷോട്ട് ന്യൂയർ തട്ടിയകറ്റി. ലൈനിന് പുറത്ത് പോകുന്നതിന് മുമ്പ് പന്ത് വീണ്ടും നെയ്മറിന്റെ കാലിൽ. പോസ്റ്റിന് മുന്നിൽ ഡി മരിയ കാത്തു നിക്കുന്നുണ്ടെന്നറിയാമായിരുന്ന ന്യൂയർ മറ്റൊരു അപകടത്തിന് അവസരം നൽകാതെ നെയ്മറിൽ നിന്ന് തന്നെ പന്ത് തട്ടിയകറ്റി.

അടുത്ത അവസരം എംബാപ്പെയുടേതായിരുന്നു. ബയേൺ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിനുള്ളിൽ ആശയകുഴപ്പം സൃഷ്ടിച്ച് മികച്ച ഒരു അവസരം സൃഷ്ടിച്ചെങ്കിലും എംബാപ്പെയുടെ ഡയറക്ട് ഷോട്ട് ന്യൂയർ കൈപിടിയിലാക്കി. മത്സരത്തിന്റെ അവസാന മിനിറ്റിലും സമാനമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ പിഎസ്ജി മുന്നേറ്റത്തിനായി എന്നാൽ പോസ്റ്റിന് മുന്നിൽ ന്യൂയർ രണ്ടും കൽപ്പിച്ചായിരുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ തന്റെ പേര് നേരത്തെ തന്നെ കൂട്ടിച്ചേർത്ത താരമാണ് ന്യൂയർ. 2011ൽ ബയേണിലെത്തിയ താരം ഇതിനോടകം ടീമിന്റെ 21 കിരീടനേട്ടങ്ങളിൽ ഭാഗമായി കഴിഞ്ഞു. 2014 ലോകകപ്പിൽ ഗോൾഡൻ ഗ്ലൗവ് നേടിയതും യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതുമുൾപ്പടെ വ്യക്തിഗത നേട്ടങ്ങളും സ്വന്തമായുള്ള ന്യൂയറിന്റെ വിജയരാത്രിയാണ് കടന്നുപോകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook