പുട്ട്യാൻ: ചൈനയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. മനു ഭാക്കറും എലവേനിൽ വലരീവനുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം വെടിവച്ചിട്ടത്. ജൂനിയർ വിഭാഗത്തിലെ ലോക റെക്കോർഡ് തകർത്തായിരുന്നു മനു ഭാക്കറിന്റെ പ്രകടനം. 10 മീറ്റർ എയർ പിസ്റ്റളിലാണ് മനുവിന്റെ നേട്ടം. 10 മീറ്റർ എയർ റൈഫിളിലാണ് എലവേനിൽ സ്വർണം നേടിയത്.

ഈ സീസണിലെ അവസാന ടൂർണമെന്റിൽ 244.7 പോയിന്റ് നേടിയാണ് പതിനേഴുകാരിയായ മനു ഭാക്കർ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്‌വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്‌കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച് വെള്ളിയും 221.8 സ്‌കോര്‍ നേടി ചൈനയുടെ ക്വിയാന്‍ വാങ് വെങ്കലവും സ്വന്തമാക്കി.

10 മീറ്റർ എയർ റൈഫിളിൽ 250.8 പോയിന്റ് നേടിയാണ് എലവേനിൽ സ്വർണമണിഞ്ഞത്. തായ്‌വാന്റെ ലിൻ യിങ് ഷിൻ 250.7 പോയിന്റ് നേടി തൊട്ടുപിന്നിൽ സ്ഥാനമുറപ്പിച്ചു. റോമാനിയയുടെ ലോറയ്ക്കാണ് വെങ്കലം. 229 പോയിന്റാണ് താരം സ്വന്തമാക്കിയത്. ഫൈനലിലേക്ക് യോഗ്യത നേടുമ്പോൾ തായ്‌വാൻ താരത്തേക്കാൾ പിന്നിലായിരുന്നെങ്കിലും അവസാന വിജയം ഇന്ത്യൻ താരത്തിനൊപ്പമായിരുന്നു.

പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഭിഷേക് വര്‍മയും സൗരഭ് ചൗധരിയും ഫൈനലിലെത്തിയിട്ടുണ്ട്. അഭിഷേക് 588 പോയന്റും സൗരഭ് 581ഉം പോയന്റും നേടി. ഐഎസ്എസ്എഫ് നടത്തുന്ന വിവിധ ലോകകപ്പുകളില്‍ നിന്നാണ് വര്‍ഷാവസാനം ലോകകപ്പ് ഫൈനല്‍സിലേക്ക് താരങ്ങള്‍ യോഗ്യത നേടുന്നത്. മനു ഭാക്കറും സൗരഭ് ചൗധരിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ തന്നെ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook